മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക ; മുഖ്യമന്ത്രി

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധത്തിന്റെ ആദ്യപാഠം വീഴ്ചയില്ലാതെ നടപ്പിലാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്‌കുകള്‍ ശരിയായ രീതിയില്‍ ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ഫലപ്രദമാണ് മാസ്‌കുകളുടെ ശരിയായ ഉപയോഗം. അതോടൊപ്പം ‘ബ്രേയ്ക്ക് ദ ചെയിന്‍’ കൂടുതല്‍ ശക്തമാക്കിത്തന്നെ മുന്‍പോട്ടു പോകണം. അക്കാര്യം ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്തേ മതിയാകൂ.

ഓരോ തദ്ദേശഭരണ സ്ഥാപനവും അവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ബ്രെയ്ക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ പ്രധാന കാര്യം മൂന്ന് ‘സി’കള്‍ ഒഴിവാക്കുക എന്നതാണ്. ക്രൗഡിങ്ങ് (ആളുകള്‍ കൂട്ടം ചേരുന്നത്), ക്‌ളോസ്ഡ് സ്‌പേയ്‌സസ് (അടഞ്ഞ സ്ഥലങ്ങള്‍), ക്‌ളോസ് കോണ്ടാക്ട്‌സ് (അടുത്ത് ഇടപഴകല്‍), എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. രോഗവ്യാപനത്തിന്റെ തോത് ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം.

പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതില്‍ കവിഞ്ഞ എണ്ണം ആളുകള്‍ കൂടുന്ന ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ പാടുള്ളതല്ല. ഇപ്പോള്‍ ചെയ്യാവുന്നത് കഴിയാവുന്നത്ര അത്തരം പരിപാടികള്‍ ഒഴിവാക്കുക എന്നതാണ്. നടക്കുന്നവയില്‍ ഏറ്റവും കുറച്ച് പങ്കാളിത്തം ഉറപ്പുവരുത്തണം. പെട്ടെന്നു തന്നെ രോഗം പകരുമെന്നതുകൊണ്ട്, അടഞ്ഞ ഇടങ്ങളില്‍ കൂട്ടം ചേരുന്നതും ഒഴിവാക്കേണ്ടതാണ്. മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here