ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച്‌ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം.

കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം.വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക എന്നതാണ്. അതുപോലെ തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, കോളറ, വയറിളക്കരോഗങ്ങള്‍ എന്നിവ തടയുന്നതിന് ആഹാരം കഴിക്കുന്നതിന് മുമ്ബും കഴിച്ചതിന് ശേഷവും മലവിസര്‍ജ്ജനത്തിന് ശേഷവും സോപ്പുപയോഗിച്ച്‌ നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.കിണറുകളുടെയും മറ്റ് ജലസ്രോതസുകളുടെയും പരിസരം മലിനമാകാതെ സംരക്ഷിക്കണം. മഴക്കാലത്തോടനുബന്ധിച്ചും കൃത്യമായ ഇടവേളകളിലും കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യുക.

90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കുവാന്‍ കഴിയും. പാനീയ ചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുവാന്‍ സാധിക്കുന്നു. ജലാംശ ലവണാംശ നഷ്ടം പരിഹരിക്കുവാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News