രക്തക്കറ വൈഗയുടെത് തന്നെ ; ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന്

എറണാകുളത്തെ വൈഗയുടെ മരണത്തില്‍ ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഫ്‌ലാറ്റിനു ഉള്ളില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടെത് തന്നെ ആണെന്ന് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിച്ചു. അതേസമയം, പിതാവ് സനു മോഹനുമായി ഉള്ള പോലീസ് തെളിവെടുപ്പ് ഇന്ന് കൊല്ലൂരില്‍ നടക്കും.

കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയ രക്തക്കറ വൈഗയുടെതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎന്‍എ പരിശോധന ഫലം ഇന്നലെ രാത്രിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഫ്‌ലാറ്റില്‍ വെച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സനു മോഹന്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കിയ ശേഷമാണ് സനു മോഹന്‍ വൈഗയെ മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. കുട്ടിയെ ഉപേക്ഷിച്ച മുട്ടാര്‍ പുഴയില്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസം പോലീസ് സനു മോഹനുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായതോടെ തമിഴ്‌നാട്ടിലും സംഘം തെളിവെടുപ്പ് നടത്തി. സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് ആണ് പോയിരുന്നത്. കാര്‍ കണ്ടെത്തിയ കോയമ്പത്തൂരിലും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പോലീസ് എത്തി. ഇവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് കൊല്ലൂരിലേക്ക് അന്വേഷണ സംഘം പ്രതിയുമായി യാത്ര തിരിച്ചത്.

ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലൂരിലെ മൂകാംബിക ക്ഷേത്ര പരിസരത്തെ ഹോട്ടലിലും മറ്റിടങ്ങളിലും പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തുന്നുണ്ട്. കേസിനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചേക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News