
സീതാറാം യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കണ്ണു ചിമ്മി കൊണ്ട് കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ നല്ലതുപോലെ ഓര്‍ക്കുന്നു. ന്യൂ ഡല്‍ഹിയിലെ റാഫി മാര്‍ഗിലുള്ള വി പി ഹൗസില്‍ താമസക്കാര്‍ ആയിരുന്നു ഞങ്ങളെല്ലാവരും. ഇടതുപക്ഷവുമായി ബന്ധപ്പെട്ടവരൊക്കെ തന്നെയാണ് വിപി ഹൗസിലെ ഭൂരിപക്ഷ അന്തേവാസികളും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള,എം എ ബേബി, ബാലാനന്ദന്‍,ഹനൻ മുള്ള നീലോൽപ്പേൽ ബസു ,എ വിജയരാഘവൻ, എൻ ഇ ബൽറാം ,പി കെ കൊടിയൻ ,പി കെ കുഞ്ഞച്ചന്‍,പ്രഭാവര്‍മ്മ, പവിത്രന്‍………അങ്ങനെ ആ നിര നീളുന്നു.
ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ സീതാറാമിന്റെ മകന് രണ്ടോമൂന്നോ വയസ്സേ പ്രായമുള്ളൂ.ചേച്ചി അഖിലയുമായി വഴക്കിട്ട് പരാതിക്കെട്ടുമായി സീതാറാമിന്റെയും ഭാര്യ ഇന്ദ്രാണിയുടെയും പിന്നാലെ ചിണുങ്ങിക്കൊണ്ട് നടക്കുന്ന ആശിഷിനെ
ഒന്നു തോണ്ടി ആയിരിക്കും ഞങ്ങള്‍ കടന്നു പോകുക.

ASHISH
അന്ന് വി പി ഹൗസിലെ കുട്ടികളൊക്കെ ഞങ്ങളുടെ കൂട്ടുകാര്‍ കൂടിയാണ്. ബേബിയുടെയും ബെറ്റിയുടെയും മകന്‍ അപ്പു,പ്രഭാവര്‍മയുടേയും മനോരമയുടെയും മകള്‍ പപ്പു എന്ന ജ്യോത്സ്‌ന, പവിത്രന്റെ മകള്‍ ഷിഫോണി അങ്ങനെ ഒരുപാട് കുട്ടികള്‍ വി പി ഹൗസ് കോമ്പൗണ്ടില്‍ കളിച്ചു നടന്നിരുന്നു. എംപിയായിരുന്ന സൈഫുദ്ദീന്‍ ചൗധരിയുടെയും ഹനൻമുള്ളയുടെയും മക്കളും ഈ ഗ്യാങ്ങില്‍ സജീവമായിരുന്നു . എസ് ആര്‍ പി യുടെ മക്കളായ ബിപിനും ബിജോയിയുമൊക്കെ കുറച്ചു കഴിഞ്ഞാണ് വി പി ഹൗസിലെത്തിയത്. അവര്‍ യൗവനത്തിലേക്ക് കാലെടുത്തുവച്ചത് കൊണ്ട് അല്പം മസിലുപിടുത്തത്തോടെയാണ് ‘പിള്ളേര്‍ ഗ്യാങ്ങിനെ’ നോക്കിക്കണ്ടിരുന്നത്.
വി പി ഹൗസ്, എംപിമാരുടെ ഔദ്യോഗിക വസതിയാണ്. ഒരു എംപിക്ക് 3 സിംഗിള്‍ ഫ്‌ളാറ്റുകൾ കിട്ടും. അതില്‍ ഒന്ന് എടുത്ത് ബാക്കി രണ്ടെണ്ണം പാര്‍ട്ടിക്ക് കൊടുക്കുകയാണ് രീതി. സിപിഐ എമ്മുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ അങ്ങനെയാണ് വി പി ഹൗസില്‍ താമസക്കാര്‍ ആകുന്നത്.
അന്ന് മുപ്പതും നാല്‍പ്പതും എംപിമാര്‍ സിപിഎമ്മിന് ഉണ്ടായിരുന്നതുകൊണ്ട് തന്നെ വി പി ഹൗസിലെ ഭൂരിപക്ഷം ഫ്‌ളാറ്റുകളും പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ കൈകളിലായിരുന്നു. ഇഎംഎസ്,സുര്‍ജിത്ത് തുടങ്ങി അപൂര്‍വ്വം നേതാക്കള്‍ മാത്രമാണ് പുറത്ത് ബംഗ്ലാവുകളില്‍ താമസിച്ചിരുന്നത്.
വ്യത്യസ്ത ഫ്‌ളാറ്റുകളില്‍ ആയിരുന്നെങ്കിലും ഔപചാരികമായ ഒരു കമ്മ്യൂണിന്റെ സ്വഭാവ ലാഞ്ചനകള്‍ വി പി ഹൗസിന് ഉണ്ടായിരുന്നു. കുട്ടി സംഘങ്ങള്‍ക്ക് ഏത് ഫ്‌ളാറ്റും അവരുടെ ഫളാറ്റാണ്. നെറ്റിചുളിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് അവര്‍ യഥേഷ്ടം ബില്‍ഡിങ്ങില്‍ മെതിച്ചു നടന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ മറ്റൊരു ഫ്‌ളാറ്റിന്റെ് മുന്നില്‍ പിള്ളേരെ എത്തിച്ച് മാതാപിതാക്കള്‍ക്ക് അവരുടെ കാര്യങ്ങള്‍ക്ക് പോകാമായിരുന്നു. അത്രത്തോളം സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ് കുട്ടികള്‍ക്ക് ഒപ്പം മാതാപിതാക്കളും അനുഭവിച്ചിരുന്നത്.
എപ്പോഴും തുറന്നുകിടക്കുന്ന ഓഫീസ് ആണ് വി പി ഹൗസിലെ 215ാം നമ്പര്‍ ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ. താക്കോല്‍ നിക്ഷേപിക്കുന്ന ഒരിടം കൂടിയായിരുന്നു ദേശാഭിമാനിയുടെ ഓഫീസ്. സീതാറാമും ഇന്ദ്രാണിയും പൊതുപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നതുകൊണ്ട് വീടുപൂട്ടി കിടന്നാല്‍ കുട്ടികള്‍ ആദ്യമെത്തുന്നത് ദേശാഭിമാനിയിലായിരുന്നു. ചിലപ്പോഴെങ്കിലും താക്കോല്‍ തരാന്‍ മറന്നായിരിക്കും സീതാറാമും ഇന്ദ്രാണിയും പുറത്തു പോയിട്ടുണ്ടാവുക. ഒരു മടുപ്പും കാണിക്കാതെ ആശിഷും അഖിലയും ഒന്നുകില്‍ അവിടെയോ അല്ലെങ്കില്‍ അടുത്ത ഫ്‌ളാറ്റോ് ലക്ഷ്യം വയ്ക്കും. വീട്ടില്‍ കയറുന്നതും പുറത്തിറങ്ങുന്നതും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല.
ദിവസേനയുള്ള ബാഡ്മിന്റണ്‍ കളിയില്‍ അംഗമായിരുന്നു എം എ ബേബിയും സീതാറാമുമൊക്കെ. അന്ന് കുട്ടികളെ സ്‌കൂളില്‍ ആക്കുക എന്ന് പറയുന്നത് വലിയ പണിയാണ്. കളിയുടെ രസത്തില്‍ പലപ്പോഴും സ്‌കൂളിലേക്ക് കുട്ടികളെ ഒരുക്കേണ്ട സമയം വൈകും. എങ്ങനെയൊക്കെയോ ആശിഷിനെയും അഖിലയെയും യൂണിഫോം അണിയിച്ച് താഴെ എത്തുന്ന വണ്ടിയിലേക്ക് സീതാറാം എടുത്തു കയറ്റുന്ന രംഗം ഇപ്പോഴും ഓര്‍ക്കുന്നു.മറ്റൊരു കളിക്കാരനായ കോഫി ബോര്‍ഡിലെ പി വി പവിത്രന് ഇക്കാര്യത്തില്‍ ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. സ്‌കൂള്‍ ബസ് വിട്ടു പോയാല്‍ എന്റെ ഇരുചക്രവാഹനം ഉപയോഗപ്പെടുത്തുക എന്നത് മൗലികാവകാശമായി കരുതിയിരുന്നു.

യെച്ചൂരി മകൻ ആശിഷിനൊപ്പം
ആശിഷ് വിടപറയുമ്പോള്‍ നടുക്കത്തോടൊപ്പം പഴയ ഓര്‍മ്മകള്‍ കൂടിയാണ് മനസ്സിലേക്ക് ഇരച്ചെത്തുന്നത്. ജീവിതത്തിലെ ഏറ്റവും സുരഭിലമായ ഒരു കാലഘട്ടമായിരുന്നു അത്. വിശാലമായ തലസ്ഥാനനഗരിയില്‍ സ്വാതന്ത്ര്യം നുകര്‍ന്ന് സാഹോദര്യത്തോടെ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്കാണ് ആശിഷിന്റെ മരണം എന്നെ പൊടുന്നനെ നയിക്കുന്നത്. കണ്ണുചിമ്മി സീതാറാമിന്റെ വാലായി പരാതി പറഞ്ഞും കുറുമ്പുകാട്ടിയും നടന്നു നീങ്ങിയിരുന്ന ആശിഷിന്റെ ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here