സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വാക്സിന്‍ ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 800 രൂപ

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കാമ്പയിന്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിന്‍ ചലഞ്ച് എന്ന പുതിയ കാമ്പയിന്‍.

വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിന്‍ ആരോപിക്കുന്നു.

കമ്പനികളില്‍നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. . ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്സിന്‍ ലഭ്യമാകുക. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ വാക്സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് അറിയിച്ചതോടെയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കി കേന്ദ്ര നയത്തോടുള്ള പ്രതിഷേധം അറിയിച്ചു തുടങ്ങിയത്.

ഈ സാഹചര്യത്തിലാണ് #vaccinechallenge എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here