വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവം : സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

പാലക്കാട് വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍. ചരക്ക് ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 738 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ലോക്ക് ഡൗണ്‍ സാധ്യത മുന്നില്‍ക്കണ്ടാണ് വന്‍ തോതില്‍ കഞ്ചാവ് കടത്തിയതെന്നും പിന്നില്‍ വലിയ ലോബിയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാറില്‍ എക്‌സൈസ് സംഘം വന്‍ കഞ്ചാവ് വേട്ട നടത്തിയത്. 738 കിലോഗ്രാം കഞ്ചാവ് ചരക്ക് ലോറിയില്‍ രഹസ്യ അറകളുണ്ടാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു. വിശാഖ പട്ടണത്ത് നിന്ന് കൊച്ചിയിലേക്കെത്തിക്കാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വിശാഖ പട്ടണത്ത് നിന്ന് രാജു എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്ന് പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് കഞ്ചാവ് കൈമാറേണ്ട വ്യക്തി ഫോണില്‍ ബന്ധപ്പെടുമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. എന്നാല്‍ അതാരാണെന്ന് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. ഹാഷിഷ് ഓയില്‍ നിര്‍മിക്കാനും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും വലിയ ലോബി ഇതിന് പിന്നിലുണ്ടെന്നും എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വനങ്ങളില്‍ വിളയിച്ചെടുത്ത കഞ്ചാവാണ് കേരളത്തിലേക്കെത്തിച്ചത്. അടുത്തിടെ കേരളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് വാളയാറില്‍ നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News