കോവിഡ്: പ്ലസ് ടു പ്രായോഗിക പരീക്ഷകൾ മാറ്റണം, അടിയന്തിര റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ 

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 28 ന് തുടങ്ങുന്ന  ഹയർ സെക്കന്ററി പ്രായോഗിക  പരീക്ഷകൾ  മാറ്റണമെന്ന ആവശ്യം പരിശോധിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തിരമായി വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

വരുന്ന തിങ്കളാഴ്ച (26.4.21) വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ട്.പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്.  പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകൾ നടത്താറുള്ളത്. മാർച്ചിൽ നടക്കേണ്ട  എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്.

ലാബുകളിൽ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പറയുന്നു. പ്രായോഗിക  പരീക്ഷ നടത്തുന്ന അധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി എസ് സി ,സി ബി എസ് ഇ,സർവകലാശാലാ പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി .

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News