ഐപിഎൽ;നാലാം ജയം ഉറപ്പിക്കാൻ ആർസിബി കളിക്കളത്തിലേക്ക്,വിജയ പ്രതീക്ഷയോടെ രാജസ്ഥാൻ

ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് 204 റൺസാണ്. അതും കോലി ഉൾപ്പെടെ ആദ്യ രണ്ട് വിക്കറ്റുകൾ 9 റൺസിൽ നഷ്ടപ്പെടുകയും ദേവ്ദത്ത് പടിക്കൽ 28 പന്തിൽ 25 റൺസിൻ്റെ മെല്ലെപ്പോക്ക് കാഴ്ചവെക്കുകയും ചെയ്തിട്ടും ആർസിബി 200 കടന്നു. കഴിഞ്ഞ സീസണിൽ കളിച്ചത് മറ്റാരോ ആണെന്ന് തോന്നിക്കും വിധം ബാറ്റ് ചെയ്യുന്ന ഗ്ലെൻ മാക്സ്‌വൽ ആർസിബിക്ക് നൽകുന്ന ബാലൻസ് അപാരമാണ്.

ഒരേസമയം, ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും അടിച്ചുതകർക്കാനും മാക്സ്‌വലിനു കഴിയുന്നു. ഡിവില്ല്യേഴ്സും ഗംഭീര ഫോമിലാണ്. ഇരുവരുടെയും ബാറ്റിംഗ് മികവിനെപ്പറ്റി സംശയമൊന്നുമില്ലാത്തതു കൊണ്ട് ഈ പ്രകടനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാൽ, ഒരാൾ അത്ഭുതപ്പെടുത്തുകയാണ്, മുഹമ്മദ് സിറാജ്. കൊൽക്കത്തക്കെതിരെ, 19ആം ഓവറിൽ, ആന്ദ്രേ റസലിനെതിരെ സിറാജ് എറിഞ്ഞത് 5 ഡോട്ട് ബോളുകളാണ്. ഓവറിൽ പിറന്നത് ഒരേയൊരു റൺ. 5.82 ആണ് സീസണിൽ സിറാജിൻ്റെ എക്കോണമി. കഴിഞ്ഞ സീസണിലെ റൺ മെഷീനിൽ നിന്ന് അവിശ്വസനീയ മാറ്റമാണ് സിറാജിന് ഉണ്ടായിരിക്കുന്നത്.

ബാംഗ്ലൂരിന് വലിയ തലവേദനകളില്ല. അവസരങ്ങൾ ലഭിച്ചിട്ടും തിളങ്ങാൻ കഴിയാത്ത രജത് പാടിദാറിനെ പുറത്തിരുത്താൻ ഇടയുണ്ട്. പകരം സുയാഷ് പ്രഭുദേശായിയോ സച്ചിൻ ബേബിയോ കളിക്കാനിടയുണ്ട്. ഫോമിലേക്കെത്താത്ത ദേവ്ദത്തിന് ആർസിബി വീണ്ടും അവസരം നൽകിയേക്കും.

രാജസ്ഥാൻ്റെ പരാധീനതകൾ ക്യാപ്റ്റൻ മുതൽ തുടങ്ങുന്നു. സ്ഥിരതയില്ലാതെ ക്യാപ്റ്റൻ നടത്തുന്ന പ്രകടനങ്ങൾ ടീമിൻ്റെ ആകെ മൊറാലിന് ഇടിവുണ്ടാക്കും. ആദ്യ മത്സരത്തിലെ സെഞ്ചുറി മാറ്റിനിർത്തിയാൽ 4, 1 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോറുകൾ. എങ്ങനെയെങ്കിലും വേഗം പുറത്താവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനൻ വോഹ്റയെ മാറ്റി യശസ്വി ജയ്സ്വാളിനെ കളിപ്പിക്കാനിടയുണ്ട്.

ശിവം ദുബെ പ്രത്യേകിച്ച് ടീമിന് ഗുണമൊന്നും ചെയ്യുന്നില്ല. പക്ഷേ, ദുബെയിൽ നിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുന്നു എന്ന സഞ്ജുവിൻ്റെ പ്രതികരണം പരിഗണിച്ചാൽ താരം ടീമിൽ തുടരും. താരത്തെ പുറത്താക്കിയാൽ വോഹ്റ മധ്യനിരയിലേക്ക് മാറി യശസ്വി ഓപ്പൺ ചെയ്തേക്കും. തെവാട്ടിയ അത്ര മികച്ച ഫോമിൽ അല്ലെങ്കിലും സ്ഥാനം നഷ്ടമാവാനിടയില്ല. ആർസിബിക്കെതിരെ മികച്ച റെക്കോർഡ് ഉള്ള ശ്രേയാസ് ഗോപാലിന് ഇന്ന് ടീമിൽ ഇടം കിട്ടിയേക്കും. അങ്ങനെയെങ്കിൽ ഉനദ്കട്ടോ റിയൻ പരഗോ പുറത്തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News