മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുന്‍പും ഇത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചലഞ്ചുമായി സോഷ്യൽമീഡിയ രം​ഗത്തെത്തിയപ്പോൾ ഇതുവരെ ലഭിച്ചത് 39 ലക്ഷത്തിലധികം രൂപ.

രണ്ട് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ മലയാളികളെ കൈ പിടിച്ചുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയനിലുള്ള വിശ്വാസമാണ് ഇതിലൂടെ വീണ്ടും പ്രകടമാകുന്നത്. സോഷ്യൽമീഡിയ ചലഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാ​ഗതം ചെയ്തു.

“ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിൻ്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മൾ ഇതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തിൽ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മൾ കാണേണ്ട ഒരു കാര്യം. അപ്പോൾ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. ഞാനീ പരിപാടിക്ക് വരുമ്പോ തന്നെ ഒരു കണക്ക് ശ്രദ്ധയിൽ പെട്ടു. സിഎംഡിആർഎഫിലേക്ക് ഇന്ന്, ഒരു ദിവസത്തിനുള്ളിൽ, ഇന്ന് വൈകിട്ട് നാലര വരെ വാക്സിനെടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്. ഇതിൻ്റെ മൂർദ്ധമായ രൂപം, നാളെ ഒന്നുകൂടി ചർച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യാം. എങ്ങനെയാണ് കുറേക്കൂടി ഫലപ്രദമായി കാര്യങ്ങൾ നീക്കാനാവുക എന്നത് നമുക്ക് അതിൻ്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാം.”- ഇങ്ങനെയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here