ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ചടങ്ങുകള്‍ നടക്കുക ഒരാനപ്പുറത്ത്

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം. ജനക്കൂട്ടമില്ലാതെ നെയ്തലക്കാവ് വിഭാഗക്കാരെത്തി തെക്കേഗോപുര നടതുറന്നതോടെ പൂര വിളംബരമായി.

തിരുവമ്പാടി വിഭാഗത്തിന് ഒരാനപ്പുറത്താണ് ചടങ്ങുകള്‍. പാറമേക്കാവ് വിഭാഗം പതിവുപോലെ പതിനഞ്ചാനപുറത്ത്. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച ഏഴ് ഘടകക്ഷേത്ര വിഭാഗങ്ങള്‍ ഒരോ ആനകള്‍ മാത്രമായി വടക്കുന്നാഥക്ഷേത്രത്തിലെത്തി മടങ്ങും.

രാവിലെ 11.30ന് മഠത്തില്‍വരവ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയാകും. രണ്ടരയോടെ പാണ്ടിമേളത്തോടെ ശ്രീമൂല സ്ഥാനത്തേക്ക് കൊട്ടിക്കയറും.

കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രാമാണികനാവും. അഞ്ചോടെ തെക്കേഗോപുരനടവഴി പുറത്തിറങ്ങും. പാറമേക്കാവ് വിഭാഗം പതിനഞ്ചാനയോടെ വെള്ളിയാഴ്ച പകല്‍ പന്ത്രണ്ടരയോടെ പുറത്തേക്ക് എഴുന്നള്ളും.

പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും. വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിച്ച് രണ്ടരയോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കും. പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനാവും.തുടര്‍ന്ന് തെക്കോട്ടിറക്കം.

പിന്നീടുള്ള കുടമാറ്റവും ചടങ്ങിലൊതുക്കും. രാത്രിയില്‍ പൂരത്തിന്റെ തനിയാവര്‍ത്തനം. ശനിയാഴ്ച പുലര്‍ച്ചെ വെടിക്കെട്ട്. പകല്‍ പൂരത്തിനുശേഷം ഇരുവിഭാഗങ്ങളും ഉപചാരംചൊല്ലി പിരിയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here