പ്രമുഖ നാടകപ്രവർത്തകൻ കെ കെ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ നാടക നടനും സംവിധായകനും മധ്യപ്രദേശ്‌ സ്‌കൂൾ ഓഫ്‌ ഡ്രാമ മുൻ അധ്യാപകനുമായിരുന്ന കെ കെ രാജൻ (58) നിര്യാതനായി. ഭോപ്പാലിൽ ചൊവ്വാഴ്‌ച രാവിലെ ആയിരുന്നു അന്ത്യം.

ഒരു മാസം മുമ്പ്‌ കോവിഡ്‌ മുക്തനായ രാജന്‌ വീണ്ടും കോവിഡ്‌ ബാധിച്ചിരുന്നു. ഗുരുതരമായ ശ്വാസതടസ്സത്തെതുടർന്ന്‌ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്‌സിജൻ ലഭ്യമായില്ല. തുടർന്നാണ്‌ മരിച്ചത്‌. സംസ്‌കാരം ബുധനാഴ്ച ഭോപ്പാലിൽ.

തൃശൂർ കേരളവർമ കോളേജിലെ ക്യാമ്പസ്‌ തിയറ്റർ കളിയരങ്ങിലെ പ്രവർത്തകനായിരുന്ന രാജൻ, ജോസ്‌ ചിറമ്മലിന്റെ റൂട്ടിൽ അഭിനയിക്കുന്നതോടെയാണ്‌ ശ്രദ്ധേയനാവുന്നത്‌. തുടർന്ന്‌ തൃശൂർ റൂട്ടിൽ ‘ക്വാ, ക്വാ’, ‘ഓശാരത്തിൽ ഒരു സൽക്കാരം’ , ‘ഭോമ’ സുവീരൻ സംവിധാനം ചെയ്‌ത ‘ഭാസ്‌കരപട്ടേലരും തൊമ്മിയും’ എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി.

1991ൽ നാഷ്‌ണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ നിന്ന്‌ സംവിധാനം സ്‌പെഷ്യലൈസേഷനിൽ സ്വർണമെഡലോടെ പാസായി. ഫ്രാൻസിലും നാടകരംഗത്ത്‌ പ്രവർത്തിച്ചു. ലോകപ്രശസ്‌തമായ അവിഞ്ഞോൺ ഫെസ്‌റ്റിവലിൽ ക്ഷണിതാവായിരുന്നു. ഭോപ്പാലിൽ നാടകാധ്യാപകനായി ജോലിചെയ്‌തിരുന്ന രാജൻ അവിടെ നിരവധി നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

പ്രശസ്‌തമായ രംഗമണ്ഡലയിലെ നാടകപ്രവർത്തനത്തിലും സജീവമായിരുന്നു. സംഗീത നാടക അക്കാദമി അമച്വർ നാടക മത്സരത്തിൽ രചനക്കുള്ള രണ്ടാം സമ്മാനം ‘ ജങ്‌ഷൻ’ രാജന്റെ ശ്രദ്ധേയരചനയാണ്‌.നാടകപ്രവർത്തകയും ഭോപ്പാലിലെ അശോക ഹോട്ടൽ മുൻ ലീഗൽ അഡ്വൈസറുമായ സുഷമയാണ്‌ ഭാര്യ. മക്കൾ: അഭയ്‌രാജ്‌, ഷീബു. സഹോദരങ്ങൾ: ഗോപാലകൃഷ്‌ണൻ, പരേതനായ മുരളീധരൻ, സോമസുന്ദരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News