തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറി മലയാളി താരം ദേവ് ദത്ത് പടിക്കൽ

തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ് ദത്ത് പടിക്കൽ.

തന്റെ കന്നി ഐപിഎൽ സെഞ്ച്വറി കൂടിയാണ് ദേവ് ദത്ത് രാജസ്ഥാൻ റോയൽസിനെതിരെ കുറിച്ചത്. ഇന്നലെ വരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറുകളിൽ മാത്രം സുപരിചിതനായിരുന്നു ദേവ് ദത്ത് പടിക്കൽ എന്ന മലയാളി താരം.

രാജസ്ഥാൻ റോയൽസിനെതിരെ ടീം ഇന്ത്യയുടെ നായകൻ വിരാട് കോഹ്ലിയെ ഒരറ്റത്ത് സാക്ഷിയാക്കി നേടിയ തട്ടുപൊളിപ്പൻ സെഞ്ച്വറിയിലൂടെ ഇന്ന് ഐപിഎൽ ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ മനം കവർന്നിരിക്കുകയാണ് ദേവ് ദത്ത് പടിക്കൽ.

കോഹ്ലിക്കൊപ്പം ദേവ് ദത്ത് കൂടി നിറഞ്ഞാടിയപ്പോൾ റോയൽസ് ബൗളിംഗ് നിര തീർത്തും പരാജിതരായി. ട്രേഡ് മാർക്ക് ഷോട്ടുകളുമായി സ്വതസിദ്ധമായ ശൈലിയിൽ ബാറ്റു വീശിയ ഈ മലയാളി താരം അർദ്ധ സെഞ്ചുറി തികയ്ക്കാനെടുത്തത് വെറും 27 പന്ത് മാത്രം.

ഫിഫ്റ്റിയിൽ നിന്നും സെഞ്ച്വറിയിലേക്കെത്താൻ ഈ മലയാളി താരത്തിന് വേണ്ടി വന്നത് 24 പന്ത് മാത്രം. 11 ബൗണ്ടറികളും അര ഡസൻസിക്സറുകളും ചാരുത പകർന്ന അതിമനോഹര ഇന്നിംഗ്സിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ തുടർച്ചയായ നാലാം വിജയം.

ഐപിഎല്ലില്‍ 14-ാം സീസണിലെ രണ്ടാം സെഞ്ച്വറിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ സ്വന്തം പേരിലാക്കിയത്. കിങ്സ് പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണിന്റെ വകയായിരുന്നു സീസണിലെ ആദ്യ സെഞ്ച്വറി.

മോശം‍ തീരുമാനങ്ങളെടുക്കുന്നതില്‍ പഴി കേള്‍ക്കുന്ന ആര്‍സിബിയുടെ അസാധാരണമായൊരു നീക്കം താരത്തിന്റെ പ്രതിഭയ്ക്കുള്ള തെളിവ് കൂടിയാണ്.റോയൽ ചാലഞ്ചേഴ്സിനായി ഇത്തവണ ദേവ്ദത്ത് ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഒറ്റ മത്സരവും കാണാന്‍ തങ്ങളില്ലെന്ന ഭീഷണിയുയര്‍ത്തി ടീമിന്റെ ആരാധകരും താരത്തിനു കയ്യടി നൽകിക്കഴിഞ്ഞു.

കൊവിഡ് ബാധിതനായതിനാൽ ദേവ്ദത്തിന് ബാംഗ്ലൂരിനൊപ്പമുള്ള ആദ്യ മത്സരം നഷ്ടമായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഈ മലയാളി ഇടംകയ്യൻ ഓപ്പണറുടെ നേട്ടത്തിൽ ഓരോ മലയാളിക്കും അകമഴിഞ്ഞ് അഭിമാനിക്കാം.

കാരണം മലപ്പുറത്തുകാരായ ബാബുനുവിന്റെയും അമ്പിളി പടിക്കലിന്റെയും മകനാണ്, നന്നായി മലയാളം പറയുന്ന ദേവ്ദത്ത്. ദേവ്ദത്തിനു നാലു വയസ്സുള്ളപ്പോഴാണ് കുടുംബസമേതം ഇവർ ബെംഗളൂരുവിലേക്കു താമസം മാറുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ ഗ്ലാമര്‍ ടൂര്‍ണമെന്റുകളായ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കര്‍ണാടകത്തിന്റെ ഷോക്കേസിൽ എത്തിച്ചതില്‍ ദേവ്ദത്തിന്റെ പങ്ക് ചില്ലറയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News