കേന്ദ്ര സർക്കാരിന് എതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

രാജ്യം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രാണവായു കിട്ടാതെ മനുഷ്യർ മരിച്ച് വീഴുന്നു. ആശുപത്രി വരാന്തകളിലും തെരുവുകളിലും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു. ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഭയാനകമായ കാഴ്ചയിൽ രാജ്യം നടുങ്ങി നിൽക്കുന്നു. എത്രയും വേഗം വാക്സിനേഷൻ പ്രവർത്തനം പൂർത്തീ കരിക്കുക എന്നതാണ് മരണസംഖ്യ പിടിച്ച് നിർത്തുവാനുള്ള ഏകവഴി. എന്നാൽ, വാക്സിനേഷൻ സൗജന്യവും സാർവ്വത്രികമാക്കുന്നതിന് പകരം വാക്സിൻ നിർമ്മാതാക്കളായ മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കും. ആകെ ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ 50% കേന്ദ്രത്തിന് നൽകണമെന്നും ബാക്കി 50% സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും വിലയ്ക്ക് വിൽക്കാമെന്നുമാണ് മോദി സർക്കാർ പറയുന്നത്. വില എത്ര ഈടാക്കണമെന്ന് കമ്പനികൾക്ക് നിശ്ചയിക്കാം. മുൻകൂട്ടി പരസ്യപ്പെടുത്തണമെന്ന് മാത്രം മോദി സർക്കാർ പറയുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോ വിഷീൽഡിന്റെ വില, ഒരു ഡോസിന് സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കേന്ദ്ര സർക്കാരിന് നൽകുന്നത് 150 രൂപയ്ക്കാണെന്ന് ഓർമ്മിക്കണം.

മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കൂടി വാക്സിൻ വിതരണം ആരംഭിക്കുകയാണ്. ഇതോടെ, വാക്സിന്റെ ചോദനം ഗണ്യമായി വർദ്ധിക്കും. ആവശ്യത്തിനുള്ള അളവിൽ വാക്സിൻ നിർമ്മാണം ഇതുവരെയും രാജ്യത്ത് വർദ്ധിപ്പിച്ചിട്ടില്ല. കൃത്രിമമായ വാക്സിൻ ക്ഷാമം സൃഷ്ടിക്കാനും ഈ മരുന്ന് കമ്പനികൾ മടിച്ചെന്ന് വരില്ല. വാക്സിൻ നയം പ്രഖ്യാപിച്ചതോടെ വാക്സിൻ വിതരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ തടിയൂരി കഴിഞ്ഞു. വാക്സിൻ നിർമ്മാണത്തിൽ കേന്ദ്ര സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഒരു നിയന്ത്രണവും ഇല്ല. സ്വകാര്യ മരുന്ന് നിർമ്മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിനാണ് കേന്ദ്രസർക്കാർ അവസരമൊരുക്കിയിരിക്കുന്നത്. ഈ നയം ജനവിരുദ്ധമാണ്. എല്ലാ ഇന്ത്യക്കാർക്കും സൗജന്യ വാക്സിൻ കൊടുക്കുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. രാജ്യത്തെ ഉൽപ്പാദനം വർദ്ധിപ്പിച്ച് യഥേഷ്ടം വാക്സിൻ ലഭ്യമാക്കണം.

ജനങ്ങളുടെ ജീവനും പ്രാണവായുവിനും വിലയിടുന്ന കേന്ദ്രനയത്തിനെതിരെ ജനരോഷം ആളിക്കത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ പശ്ചാത്തലത്തിൽ നമുക്ക് “പോസ്റ്റർ പ്രൊട്ടസ്റ്റ്” സംഘടിപ്പിക്കാം. ഏപ്രിൽ 24 ന് ഡി വൈ എഫ് ഐ “പോസ്റ്റർ പ്രൊട്ടസ്റ്റിന്” ആഹ്വാനം ചെയ്യുന്നു. രാഷ്ട്രീയ ഭേദമന്യേ മുഴുവൻ യുവതീ യുവാക്കളും ബഹുജനങ്ങളും ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് പോലെ തന്നെ പ്രാണവായുവും ചികിത്സയും നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും മുഴുവൻ യുവതീ യുവാക്കളും സന്നദ്ധമാകണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News