ദില്ലിയിൽ ഓക്സിജൻ ലഭിക്കാൻ കേന്ദ്രത്തിലെ ആരെയാണ് വിളിക്കേണ്ടതെന്ന് മോദിയോട് കെജ്‌രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുമായും വാക്‌സിൻ കമ്പനികളുമായും യോ​ഗം ചേർന്നു. രാവിലെ 9 മണിക്ക് ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗവും തുടർന്ന് വാക്‌സിൻ കമ്പനികളുടെ യോഗവും ചേർന്നത്.

കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തെ കടന്നാക്രമിച്ചത് പിന്നീട് വാഗ്വാദത്തിൽ കലാശിച്ചു. ഓക്സിജന്റെ അഭാവം മൂലം ദില്ലിയിലെ ആശുപത്രിയിൽ രോഗികൾ മരിക്കാൻ കിടക്കുമ്പോൾ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്രം നിർദേശിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞതാണ് വാഗ്വാദത്തിലേക്ക് കടന്നത്.

ഇതിനുപുറമെ കൊവിഡ് വാക്സിന്റെ കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഒരേ വില നിശ്ചയിക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. അരവിന്ദ് കെജ്രിവാൾ ദില്ലിയിലെ ആളുകൾ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണമെന്ന് നരേന്ദ്ര മോദി വിമർശിച്ചു.

യോഗത്തിന്റെ ദൃശ്യങ്ങൾ അരവിന്ദ് കെജ്രിവാൾ പുറത്ത് വിട്ടതും വലിയ വിമർശനത്തിനു വഴിവച്ചു. ഔദ്യോ​ഗിക യോഗത്തിന്റെ മീറ്റിംഗുകൾ പോലും രാഷ്ട്രീയപരമായാണ് അരവിന്ദ് കെജ്രിവാൾ നോക്കിക്കാണുന്നതെന്ന് കേന്ദ്രം വിമർശിച്ചു. തുടർന്ന് വീഡിയോ പുറത്ത് വിട്ടതിൽ അരവിന്ദ് കെജ്രിവാൾ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി .

മുഖ്യമന്ത്രിമാരുടെ യോഗത്തിനു ശേഷം വാക്‌സിൻ കമ്പനികളുമായും പ്രധാനമന്ത്രി യോഗം ചേർന്നു. വാക്‌സിൻ ഉത്പാദനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ യോഗത്തിൽ ചർച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here