സംസ്ഥാനത്ത് ഗൗരവകരമായ സ്ഥിതിവിശേഷം : കർശന നിയന്ത്രണം വേണം : ശനി, ഞായർ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും വിശദമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ലേക്ക് എത്തിച്ചപ്പോഴാണ് രണ്ടാം തരംഗം.

മരണ നിരക്ക് 0.9 ആക്കി കുറയ്ക്കാനായി. ടെസ്റ്റ് എണ്ണം കൂട്ടുക, ചികിത്സ ലഭ്യമാക്കൽ, നിയന്ത്രണം കാര്യക്ഷമമാക്കി സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി സമ്പദ് ഘടന മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുക. വാക്സിനേഷൻ നൽകുകയാണ് മഹാമാരിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം.

മെയ് ഒന്ന് മുതൽ 18 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സിൻ നൽകാനുള്ള പദ്ധതി ആലോചിക്കും. വിവിധ പ്രായക്കാർക്ക് വിവിധ സമയം അനുവദിക്കും. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന നൽകും.

ഇതിനോടകം 55.09 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി. 8.3 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. 1.13 കോടി പേർ 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് സംസ്ഥാനത്ത്. വാക്സിൻ ഡോസ് രണ്ട് ദിവസത്തിൽ തീരും.

50 ലക്ഷം വാക്സിൻ ഡോസ് ന്യായമായ ആവശ്യം. അത് എത്രയും വേഗം ലഭ്യമാക്കണം. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കി ദേശീയ തലത്തിൽ പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 400 രൂപയ്ക്ക് വാക്സിൻ വാങ്ങാൻ 1300 കോടി രൂപ ചെലവാകും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കും. ഇപ്പോൾ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് വലിയ തോതിൽ പണം ചെലവാക്കേണ്ടി വരുന്നുണ്ട്.

ക്രഷ് ദി കർവ് എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതി ഗൗരവതരമാണ്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. പ്രധാന ജം​ഗ്ഷനിലും തിരക്കേറിയ സ്ഥലങ്ങളിലും പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്.

നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എല്ലായിടത്തും തിരക്കില്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചു. സ്ഥല വിസ്തൃതിയുടെ പകുതി പേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങൾക്ക് അകത്ത് പ്രവേശിപ്പിക്കാവൂ. സ്ഥാപനങ്ങളിൽ കടക്കുന്നവർ ശരീര ഊഷ്മാവ് പരിശോധിക്കണം, കൈകൾ അണുവിമുക്തമാക്കണം.

കടകളിൽ എത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇക്കാര്യം ഉറപ്പാക്കും. കൊവിഡ് പോസിറ്റീവായ വിവരം മറച്ചുവെച്ച് സമൂഹത്തിൽ ഇടപെടൽ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. എറണാകുളം ജില്ലയിൽ പ്രതിരോധത്തിന് കൂടുതൽ നടപടികൾ സ്വീകരിച്ചു.

തൃശ്ശൂർ പൂരം മാതൃകാപരമായി കൊവിഡ് മാനദണ്ഡം പാലിച്ച് പൊതുജനം ഇല്ലാതെ നടക്കുന്നു. അതിരപ്പള്ളിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്.

ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

മരണാനന്തര ചടങ്ങിൽ 50 പേരേ പങ്കെടുക്കാവൂ.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം.

പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക് ധരിക്കണം. ഹയർ സെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ മടങ്ങണം. കൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News