കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് നൽകാൻ തീരുമാനിച്ചത്.

സംസ്ഥാനങ്ങൾക്ക് ക്വോട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം.

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല. ജനത്തിന് നൽകിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാൻ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാർഗമാണ് വാക്സിൻ. വാക്സിൻ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇതിന് സർക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആവേശകരമായി പ്രവർത്തിച്ചു.

സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സിനേഷൻ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു.

പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനതയാണ്, ലോകത്തിന് മാതൃക. ആരുടെയും ആഹ്വാനം അനുസരിച്ചല്ല, ജനം സ്വയമേ മുന്നോട്ട് വന്ന് സംഭാവനകൾ നൽകുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വായുമാർഗം രോഗബാധയ്ക്ക് സാധ്യത കൂടിയെന്ന് ലാൻസെറ്റിന്റെ പുതിയ പഠനം പറയുന്നുണ്ടെന്നും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി വൈറസ് എത്തി കൊവിഡ് ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം.

എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. രോഗലക്ഷണം കണ്ടയുടനെ ടെസ്റ്റിം​ഗിന് വിധേയരാകാൻ എല്ലാവരും തയ്യാറാകണം. വ്യാപനം രൂക്ഷമായതിനാൽ ആ ലക്ഷണങ്ങൾ കൊവിഡിന്റെതാകാൻ സാധ്യത കൂടുതലാണ്.

തൊട്ടടുത്ത ടെസ്റ്റിങ് സെന്ററിൽ ചെന്ന് പരിശോധന നടത്തണം. ആവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തവർ രോഗ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐസൊലേഷനിൽ കഴിയണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം ഒരുക്കും. മറ്റ് രോഗമുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടർ തുറക്കും. ആദിവാസി മേഖലകളിൽ വാക്സിനേഷന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News