മഹാരാഷ്ട്രയിൽ വാക്സിനും ഓക്സിജനും അത്യാവശ്യം ; കേന്ദ്രത്തോട് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ വാക്സിനും ഓക്സിജനും അത്യാവശ്യമെന്ന് കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൊവിഡ് സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് ഉദ്ധവ് താക്കറെ ആരോഗ്യമേഖലയിൽ സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമാക്കിയത്.

മഹാരാഷ്ട്രയ്ക്ക് കൂടുതൽ ഓക്സിജനും റെംഡെസിവിർ വിതരണവും ആവശ്യമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ഓക്സിജന്റെയും റെംഡെസിവിർ വിതരണത്തിന്റെയും നിലവിലെ സ്ഥിതി വിവരക്കണക്കുകളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടാതെ വാക്‌സിനേഷൻ കൂടുതൽ വേഗത്തിലാക്കുവാനുള്ള നടപടികൾ വേണമെന്നും താക്കറെ പറഞ്ഞു.

60,000 ത്തിലധികം രോഗികൾക്ക് ഓക്സിജൻ പിന്തുണ ആവശ്യമാണ്. സംസ്ഥാനത്ത് 76300 ഓക്സിജൻ കിടക്കകളാണുള്ളത്. 25000 ത്തിലധികം ഐസിയു കിടക്കകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും യോഗത്തിൽ താക്കറെ അറിയിച്ചു.

മഹാരാഷ്ട്രയിൽ പ്രതിദിനം 1250 മെട്രിക് ടൺ ഓക്സിജനാണ് വേണ്ടി വരുന്നത്. 300-350 മെട്രിക് ടൺ ഓക്സിജൻ സംസ്ഥാനത്തിന് പുറത്തു നിന്ന് ശേഖരിക്കുകയാണ്. വർദ്ധിച്ചുവരുന്ന കേസുകളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയ്ക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. 13000 ജംബോ സിലിണ്ടറുകളും 1100 വെന്റിലേറ്ററുകളും സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആശുപത്രികളെ ആശ്രയിക്കുന്നവരെ കുറയ്ക്കുന്നതിൽ റെംഡെസിവിറിന് വലിയ പങ്കു വഹിക്കുവാൻ കഴിയുമെന്നും മഹാരാഷ്ട്രയ്ക്ക് 70,000 കുപ്പികൾ നിലവിൽ ആവശ്യമാണെന്നും നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്നത് 27000 റെംഡെസിവിറിന്റെ കുപ്പികൾ മാത്രമാണെന്നും മുഖ്യമന്ത്രി താക്കറെ വ്യക്തമാക്കി.

ജീവൻ രക്ഷിക്കുന്ന എല്ലാ മരുന്നുകളുടെയും വിതരണം ഉറപ്പാക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here