മലയാളിവനിതകള്‍ക്കായി ചെസ്സ് മത്സര പരമ്പര നടത്താന്‍ ഒരുങ്ങി ചെസ്സ് കേരള

ലോകമെമ്പാടുമുള്ള മലയാളിവനിതകള്‍ക്ക് വേണ്ടി ഒരു ചെസ്സ് മത്സരപരമ്പര നടത്താന്‍ ഒരുങ്ങുകയാണ് ചെസ്സ് കേരള. കളിക്കാരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഇല്ലാതെ പല ടൂര്‍ണമെന്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ചെസ്സ് കളിക്കാരുടെ ഈ സംഘടന ഇത്തവണയും ഫീസ് ഇല്ലാതെ ആണ് 50000 രൂപ സമ്മാനത്തുകയോടെ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇത് കേരളാ ചെസ്സിലെ വനിതാ ശാക്തീകരണത്തിന്റെ സൂചനയാണ്. സംഘാടകരും മത്സരാര്‍ത്ഥികളും സ്ത്രീകള്‍ തന്നെ.

ഏത് പ്രായത്തിലുള്ളവര്‍ക്കും വീട്ടില്‍ ഇരുന്നുകൊണ്ട് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാം. ആകെ പത്ത് മത്സരങ്ങള്‍ അടങ്ങുന്നതാണ് ചെസ്സ് കേരളാ വിമന്‍സ് ഗ്രാന്‍ഡ് പ്രീ മത്സര പരമ്പര.സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാന്‍ഡ് പ്രീ മത്സര പരമ്പര കൂടെയാണ് ഇത്.

8 പ്രാഥമിക മത്സരങ്ങളില്‍ കേരളത്തിലെ ആദ്യകാല 8 വനിതാ സംസ്ഥാന ജേതാക്കളെ ആദരിക്കുന്നതാണ്. ആദ്യ ഘട്ട മത്സരങ്ങളും മെഗാ ഫൈനലും ഓണ്‍ലൈന്‍ ആയാണ് നടത്തുന്നത്. 8 പ്രാഥമിക മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 50 കളിക്കാര്‍ മെഗാഫൈനലില്‍ മാറ്റുരക്കും.

മെഗാഫൈനലില്‍ മുന്നിലെത്തുന്ന 26 കളിക്കാര്‍ ജുലായ് 11ന് തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളജില്‍ വെച്ച് നടക്കുന്ന സൂപ്പര്‍ ഫൈനലില്‍ അന്തിമ ജേതാക്കളെ തീരുമാനിക്കാനായി ഏറ്റുമുട്ടും. മെയ് 1 മുതല്‍ എല്ലാ ശനി ദിവസങ്ങളില്‍ വൈകീട്ടാണ് മത്സരങ്ങള്‍ നടക്കുക. ആദ്യമായി ഒരു ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് 3 ചെസ്സ് പുസ്തകങ്ങള്‍ സമ്മാനിക്കുന്നു എന്നത് ഈ മത്സരത്തിന്റെ മറ്റൊരു സവിശേഷതയാണ്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ http://chesskerala.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 25ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. സംശയ നിവാരണത്തിന് ഹെല്‍പ് ഡസ്‌ക് സംവിധാനവും വെബ്‌സൈറ്റ് വഴി ലഭ്യമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറമെ സംഘാടനത്തിനും സ്ത്രീകള്‍ തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത് എന്നത് ഈ മത്സരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. എല്ലാ മേഖലയിലും സ്ത്രീകളെ മുന്‍ നിരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് മുന്നോട്ട് വെക്കുകയാണ് ചെസ്സ് കേരള.

Mob.9446230888

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News