വാക്സിനാണെന്നറിയാതെ മോഷ്ടിച്ചു : ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച തൊണ്ടി മുതല്‍ തിരിച്ചു നല്‍കി കള്ളന്മാർ

ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് വളരെ കൗതുകമുണർത്തുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് 700 കൊവിഡ് വാക്സിന്‍ ഡോസുകള്‍ മോഷണം പോയി, ഒരു ദിവസത്തിന് ശേഷം മോഷ്ടാക്കള്‍ വാക്സിനടങ്ങുന്ന തൊണ്ടിമുതല്‍ തിരിച്ചു നല്‍കി. സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ചായക്കടയിലാണ് മോഷ്ടാക്കള്‍ വാക്സിന്‍ ഡോസുകള്‍ നിക്ഷേപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച തിരികെ വെച്ച തൊണ്ടിമുതലിനു കൂടെ ‘സോറി’ എന്ന ഒരു സന്ദേശവും  എഴുതിയിട്ടുണ്ട്. ബോക്സിനകത്ത് പോലീസുകാര്‍ കണ്ടെത്തിയ കുറിപ്പിങ്ങനെയാണ്, ‘മാപ്പ്- ഇത് കൊവിഡ് വാക്സിനാണ് എന്നെനിക്കറിയില്ലായിരുന്നു”. മോഷ്ടാക്കളെ കണ്ടെത്താന്‍ ചായക്കടക്കടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് ഇതുവരെ തിരിച്ചറിയാനാവാത്ത രണ്ട് മോഷ്ടാക്കള്‍ ജിന്ദ് സിവില്‍ ഹോസ്പിറ്റലിലെ സ്റ്റോര്‍ റൂമിലേക്ക് അതിക്രമിച്ച്‌ കയറുകയും 182 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്സിന്‍ ഡോസുകളുമടങ്ങുന്ന പെട്ടിയുമായി കടന്നു കളയുകയും ചെയ്തത്. ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു.

ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്വീപ്പര്‍ രാവിലെ ഡ്യൂട്ടിക്കെത്തിയ നഴ്സിനെയാണ് സ്റ്റോര്‍ റൂമിന്റെ ലോക്കുകള്‍ ആരോ പൊളിച്ചിട്ടുണ്ടെന്നും വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചത്. അതേസമയം ആശുപത്രിയിലുണ്ടായിരുന്ന ലാപ്ടോപ്പും 50,000 രൂപയും കള്ളന്മാര്‍ കൊണ്ട് പോയിരുന്നില്ല. എന്നാല്‍ വാക്സിന്‍ ഡോസുകള്‍ മോഷണം പോയതോടെ ജില്ലയിലെ ആളുകള്‍ക്ക് കുത്തിവെക്കാന്‍ വാക്സിന്‍ സ്റ്റോക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here