കൊവിഡ് : മിക്ക ജില്ലകളിലും കടുത്ത നിയന്ത്രണം,എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 4548 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345. ഏഴ് ജില്ലകളിൽ ആയിരത്തിന് മുകളിലും രണ്ട് ജില്ലകളിൽ 800 ന് മുകളിലുമാണ് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ കൊവിഡ് പ്രതിദിന വർധനയുള്ള എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുന്നത്. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടച്ചിട്ടിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്.വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍പേര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണവും നിലവിലുണ്ട്.

മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ജില്ലയില്‍ പതിനാറ് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുന്നത്തുകാല്‍, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കലക്ടര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ശക്തമാക്കിയ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം.

ഹോട്ടലുകളില്‍ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്‌സല്‍ സര്‍വീസുകളാകാം. തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ രണ്ടു ദിവസമോ അതില്‍ കൂടുതല്‍ കാലയളവോ അടച്ചിടുമെന്നും കലക്ടര്‍ അറിയിച്ചു.

നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ക്ഡൗൺ സമാന നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. അതേസമയം കൊവിഡിന്റെ രണ്ടാം തരം​ഗം ചർച്ച ചെയ്യാൻ ഏപ്രിൽ 26-ന് വീഡിയോ കോൺഫറൻസ് വഴി സർവ്വകക്ഷിയോ​ഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News