ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം ; കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി

ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ ആചാര പ്രകാരം പൂര്‍ത്തിയാക്കി. മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കാതെയാണ് കേരളത്തിന്റെ മഹാപൂരം ആരംഭിച്ചത്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ തൃശൂര്‍ പൂരം ആരംഭിച്ചു. പിന്നാലെ ചെറു പൂരങ്ങള്‍.

തിരുവമ്പാടിയുടെ മഠത്തില്‍ വരവും ആചാര പ്രകാരമുള്ള ചടങ്ങ് മാത്രമായിരുന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ഒരാന മാത്രമായിരുന്നു തിടമ്പേറ്റി തിരുവമ്പാടി സംഘത്തില്‍ ഉണ്ടായിരുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന മറ്റു ചെറു പൂരങ്ങളെ പോലെ അമ്പത് പേര് മാത്രം മഠത്തില്‍ വരവിനെയും അനുഗമിച്ചു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും അണി നിരന്ന പഞ്ചവാദ്യ മേളവും മഠത്തില്‍ വരവിന് ഒപ്പം ഉണ്ടായിരുന്നു.

പതിവ് തെറ്റിക്കാതെ പതിനഞ്ച് ആനകള്‍ പാറമേക്കാവ് സംഘത്തില്‍ ഉണ്ടായിരുന്നു. കുടമാറ്റത്തിനായി തയ്യാറാക്കിയ മുപ്പതോളം കുടകളില്‍ ഏറിയ പങ്കും പൂര പുറപ്പാടിനിടയില്‍ പാറമേക്കാവ് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ചേണ്ടമേളതിന്റെ അകമ്പടിയോടെ പാറമേക്കാവ് സംഘം വടക്കും നാഥ ക്ഷേത്രത്തിന് അകത്തേക്ക്. ഇലഞ്ഞിത്തറമേളത്തില്‍ നൂറിലധികം വാദ്യ കലാകാരന്മാരാണ് അണി നിരന്നത്. മേള പ്രമാണിയായി പെരുവനം കുട്ടന്‍ മാരാറായിരുന്നു ഇലഞ്ഞി തറ മേളത്തിന്റെ അമരത്ത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് തെക്കോട്ടിറങ്ങി പാറമേക്കാവ് കുടമാറ്റം നടത്തിയത്. ശേഷിച്ച പത്തോളം സെറ്റ് കുടകള്‍ പാറമേക്കാവ് തെക്കോട്ട് ഇറക്കത്തില്‍ പ്രദര്‍ശിപ്പിച്ചു. ആചാര പ്രകാരം തിരുവമ്പാടി മൂന്ന് സെറ്റ് കുടകളും മാറ്റി. പുലര്‍ച്ചെ നടക്കുന്ന കരിമരുന്ന് പ്രയോഗവും പകല്‍ പൂരവും പൂര്‍ത്തിയായ ശേഷം ഉപചാരം ചൊല്ലി പാറമേക്കാവ് തിരുവമ്പാടി ദേവതകള്‍ പിരിയുന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തി ആകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News