ഇന്ത്യൻ പ്രധാനമന്ത്രിക്ക് അപവാദമാണ് കേരളത്തിന്റെ ഇടത് ബദൽ

കത്തുന്ന പുരയിൽ നിന്ന് കഴുക്കോലിനെ ഊരി ലാഭമാക്കുന്ന മോദിയുടെ ഇന്ത്യയിൽ തീർച്ചയായും ഒരു മലയാളിയായി ഈ കേരളത്തിൽ ജീവിക്കുന്ന നാമൊക്കെ അഭിമാനം കൊള്ളുക തന്നെ വേണം. ശതകോടി മനുഷ്യർ തങ്ങളുടെ പ്രാണന് വേണ്ടി നിലവിളിക്കുമ്പോൾ തന്റെ പ്രജകളുടെ, സാധാരണ പൗരന്റെ ജീവനെ, അവന്റെ അവസാന പിടച്ചിലിനെ വരെ വിപണിക്ക് വിട്ടു കൊണ്ടും, വിറ്റു കൊണ്ടും മനുഷ്യ ജീവനെത്തന്നെ കമ്പോളത്തിലെ ചരക്കാക്കി മാറ്റുന്ന ഈ രാജ്യത്തു ഈയൊരു കോണിൽ നമ്മൾ മലയാളികൾ മാനവികതയുടെ ബദൽ മാതൃകകൾ തീർക്കുകയാണ്. എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിനേഷൻ നൽകുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ധർമമാണ്. പോളിയോ അടക്കമുള്ള മഹാമാരികളെ നാം അതിജീവിച്ചത് അങ്ങനെയാണ്.

പൊതുഖജനാവിലെ പണം കൊണ്ട് തന്റെ കൗപീനത്തിനു പോലും കസവു തുന്നുന്ന പ്രധാനമന്ത്രി ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഉണ്ണാനുമുടുക്കാനുമില്ലാത്ത കുചേലന്മാരുടെ അവസാന ശ്വാസത്തെ പോലും വിപണിയിലെ ലാഭക്കൊതിയന്മാർക്കു വിട്ടു കൊടുക്കുകയാണ്. മനുഷ്യൻ്റെ ജീവന് അൽപം പോലും വില കല്പിക്കുന്നേയില്ലേയെന്ന് സുപ്രീം കോടതിക്ക് പോലും കേന്ദ്രത്തോട് ചോദിക്കേണ്ടി വരുന്നു. അവിടെയാണ് ഈ കൊച്ചു കേരളത്തിന്റെ ക്ഷേമരാഷ്ട്രത്തിന്റെ മാതൃകകൾ തീർക്കുന്ന ഇടതു സർക്കാരിന്റെ വലിയ പ്രസക്തി. എത്ര സാമ്പത്തിക ബാധ്യത ഉണ്ടായാലും ശരി എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ മൂന്നരക്കോടിയോളം ജനങ്ങൾക്ക് സ്വസ്ഥതയെന്തെന്നറിയാം. ഒരു പിഴവ് വന്നാൽ കൂടി അത് തിരുത്താനും സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും പോന്ന ഒരു ഭരണ നേതൃത്വം കേരളത്തിനുള്ളതാണ് “we shall overcome” എന്ന് മലയാളിയെ പറയാൻ പ്രേരിപ്പിക്കുന്നത്. മനുഷ്യർ മരിച്ച് വീഴുമ്പോഴും വോട്ട് പെട്ടിയിൽ വീഴുന്നോ എന്ന് മാത്രം നോക്കുന്ന, മത തീവ്രവാദം മാത്രം ഛർദ്ദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് അപവാദമാണ് കേരളത്തിലെ ഇടത് ബദൽ.

ഈ ഘട്ടത്തിൽ ഏറ്റവും നിർണായകമായ കൊവിഡ് വാക്സിൻ മൂന്നു വില നിരക്കിൽ വിപണിയിലിറക്കി ക്രോണി ക്യാപിറ്റലിസത്തിൻ്റെ വക്താവായി മോദി മാറുമ്പോൾ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് സൗജന്യമായിത്തന്നെ വാക്സിൻ കേരളത്തിൽ നൽകിക്കൊണ്ട് പിണറായി വിജയൻ മനുഷ്യത്വത്തിൻ്റെ പ്രതീകമാകുന്നു.

കോവിഡ് വാക്‌സിനേഷനായി കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തിയ വിഹിതമെവിടെ? കണക്കില്ലാതെ പി എം കെയർ ഫണ്ടിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് കോടി രൂപയെവിടെ? ഈ ചോദ്യങ്ങളൊക്കെ നാം ആവർത്തിച്ചു ചോദിക്കേണ്ടിയിരിക്കുന്നു. ഡൊണാൾഡ് റീഗനും മാർഗരറ്റ് താച്ചറും ചേർന്ന് അഴിച്ചു വിട്ട നിയോ ലിബറൽ ഭൂതത്തിന്റെ കൂർത്ത പല്ലുകൾക്ക് കടിച്ചുകീറാനായി ഇന്നാട്ടിലെ സാധാരണക്കാരുടെ കഴുത്തിനെ തന്നെ മോഡി സർക്കാർ നീട്ടി നൽകുമ്പോഴാണ് തന്റെ നാട്ടിലെ ജനങ്ങളുടെ ജീവനെ വിപണിക്ക് വിട്ടു നൽകില്ലായെന്നു ഇല്ലായ്മകൾക്കിടയിലും നമ്മുടെ മുഖ്യമന്ത്രി ഉറപ്പു നൽകിയതും അത് നടപ്പിലാക്കുന്നതും. മാർക്സിസത്തിന്റെ ഈ മാനുഷിക മൂല്യത്തിനാണ് വാക്‌സിൻ ചലഞ്ചിലൂടെ പ്രബുദ്ധ മലയാളി പിന്തുണ നൽകുന്നത്. പിണറായി സർക്കാരിന്റെ ഈ ഭരണശുദ്ധിക്ക് ,നന്മക്കു പിന്തുണയായി ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം ജനങ്ങൾ നൽകിയത് ഏതാണ്ട് അരക്കോടി രൂപയാണ്.

തെരഞ്ഞെടുപ്പ് കാലത്തു കേന്ദ്രം പറഞ്ഞത്, മോഡി പറഞ്ഞത്, ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്നാണ്. തെരഞ്ഞെടുപ്പുകാലത്തു അവർ എന്തും പറയും. ലോകത്തിനു തന്നെ മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള മുഖ്യനെ കോവി ഡിയറ്റ് എന്ന് വിളിച്ച മാന്യനടക്കമുള്ള ഇക്കൂട്ടർ പ്രതിനിധാനം ചെയ്യുന്നത് എന്തിനെയെന്നും ആരെയെന്നും വ്യക്തമാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കരുതെന്ന് കൽപ്പിച്ച വകതിരിവില്ലാത്ത ചാണകമിത്രങ്ങൾക്കും മൂരിക്കിടാങ്ങൾക്കും ഈ വാക്‌സിൻ ചലഞ്ച് കേട്ട് വിറളി പിടിച്ചിട്ടുണ്ടാവും. വാക്കും പ്രവർത്തിയും യോജിക്കുന്നിടത്താണ് ഒരു ഭരണ കർത്താവിന്റെ മഹത്വം തെളിയുന്നത്. വാക്കും പ്രവർത്തിയും യോജിക്കണമെന്നത് ഒരു കമ്മ്യൂണിസ്റ്റ് കാർക്കശ്യം തന്നെയാണ്. അത് തന്നെയാണ് പറഞ്ഞതൊന്നും മാറ്റി പറയുന്ന ശീലം ഞങ്ങൾക്കിലായെന്നും വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുമ്പോൾ തെളിയുന്നതും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇപ്പോൾ വന്ന് നിറയുന്നത് മലയാളികളുടെ സ്നേഹമാണ്, നന്ദിയാണ്.! തോൽക്കാൻ മനസില്ല, തോൽപ്പിക്കില്ല എന്ന ഏറ്റു പറയലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News