‘താളം മറന്നൊരു ശ്രുതിമീട്ടി തംബുരു’ ; സ്വപ്നയേയും ബാങ്ക് മേഖലയിലെ തൊ‍ഴില്‍ ചൂഷണത്തെയും ഓര്‍മ്മപ്പെടുത്തുന്ന ഗാനം തരംഗമാകുന്നു

ജോലി സമ്മര്‍ദം താങ്ങാനാകാതെ ബാങ്കിനുള്ളില്‍ ജീവനൊടുക്കിയ സ്വപ്‌ന എന്ന ബാങ്ക് ജീവനക്കാരിയുടെ സ്മരണയുണര്‍ത്തുന്ന ഗാനവുമായി സുഹൃത്തുക്കള്‍. സ്വപ്‌നയുടെ ഓര്‍മ്മകളുണര്‍ത്തുന്ന കേള്‍ക്കുന്ന ആരെയും കണ്ണീരണിയിക്കുന്ന ‘താളം മറന്നൊരു ശ്രുതിമീട്ടി തംബുരു, ഏതോ വിഷാദമാം രാഗം മൂളി’ എന്ന ഗാനം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.

ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി, രാത്രികളില്‍ പോലും ബാങ്കിനെ പറ്റി മാത്രം ചിന്തിക്കാന്‍ വിധിക്കപ്പെടുന്ന മനുഷ്യ യന്ത്രങ്ങളാക്കി മാറ്റപ്പെടുന്ന ദുരവസ്ഥയാണ് ഇന്ന് ബാങ്കിംഗ് മേഖലയിലുള്ളത്. അത്തരമൊരു ദുരവസ്തയുടെ ഇരയാണ് സ്വപ്‌നയും.

ആരോടും ഒന്നും പറയാനാകാതെ, നിരാലംബയായി , നിസ്സഹായയായി, താന്‍ ജോലി ചെയ്തിരുന്ന ബാങ്കിന്റെ സ്വന്തം ക്യാബിനില്‍ ജീവന്‍ അവസാനിപ്പിച്ച സ്വപ്നയുടെ അത്മഹത്യ കുറിപ്പ് മാത്രം മതി ആ മേഖലയിലെ സമ്മര്‍ദ്ദത്തെ കുറിച്ചും അടിമത്വത്തെ കുറിച്ചും നമുക്ക് ബോധ്യപ്പെടാന്‍.

അനീഷ് ലാല്‍ ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എബിന്‍ ജെ സാം ആണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

‘താളം മറന്നൊരു ശ്രുതിമീട്ടി തംബുരു

ഏതോ വിഷാദമാം രാഗം മൂളി

ആകേ വെയിലേറ്റു തളര്‍ന്നൊരു

താഴംബൂ താനേ തലചായ്ച്ചു മിഴി നിറച്ചു.

ആ ഗാനം അവള്‍ക്കുള്ളതായിരുന്നു

അവള്‍ വാടാതെ കൊഴിഞ്ഞ പൂവായിരുന്നു…’ എന്ന വരികളില്‍ സ്വപ്‌നയുടെ വിഷാദമൂകമായ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്നു. ഏറെ നൊമ്പരമുണര്‍ത്തുന്ന ഒന്നായി ഗാനം ഏവരിലേക്കും പെയ്തിറങ്ങുകയാണ്. സ്വപ്നയുടെ കുടുംബചിത്രവും പാട്ടില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. മൂന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള സംഗീത വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് സാജന്‍ രാമാനന്ദന്‍ ആണ്.

അടുത്തിടെയാണ് കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ജീവനക്കാരിയായ കെ.സ്വപ്നയെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പ് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചു. രണ്ടു കുട്ടികളാണ് സ്വപ്നയ്ക്ക്.

ഇനിയും ഒരു സ്വപ്ന ഉണ്ടാകാതിരിക്കാന്‍, അനാഥത്വത്തിന്റെ തീരാ ദുഃഖം പേറുന്ന കുഞ്ഞുങ്ങളെ ഇനിയും ബാങ്കിംഗ് മേഖല സൃഷ്ടിക്കാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും തൊഴില്‍ ചൂഷണത്തിനെതിരെ ഇത്രയും നിയമമുള്ള നമ്മുടെ രാജ്യത്ത് ബാങ്കിംഗ് മേഖല അവരുടെ ജീവനക്കാരെ മനുഷ്യ കുപ്പായമിട്ട റോബോട്ടിക് അടിമകളാക്കി മാറ്റാനാകുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ഇത് അപകടമാണെന്നും ഓര്‍മ്മപ്പെടുത്തുകയാണ് പാട്ടിലൂടെ.

സ്വപ്ന എന്ന സഹോദരി , അമ്മ , സഹപ്രവര്‍ത്തക സ്വന്തം ജീവന്‍ ബലയര്‍പ്പിച്ചു കൊണ്ട് സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ വിഷയത്തില്‍ ക്ഷണിക്കുമ്പോള്‍ , നാളെ വീണ്ടും ഒരു സ്വപ്ന ഉണ്ടാകാതെ നോക്കേണ്ട ഒരു വലിയ ഉത്തിരവാദിത്വം നമുക്കൊരോരുത്തര്‍ക്കും ഉണ്ട് . സ്വപ്നക്ക് ഉള്ള ഒരു ഓര്‍മകുറിപ്പ് ആകട്ടെ ഈ ഗാനമെന്ന സന്ദേശമാണ് സുഹൃത്തുക്കള്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News