“കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്പോള്‍ പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്‌മേഷ് ചന്ദ്രോത്ത്

കൊവിഡ് വ്യാപനം ആദ്യ ഘട്ടം പിന്നിട്ട് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്പോള്‍ കഴിഞ്ഞു പോയ അനുഭവങ്ങളുടെ ഒരു പിന്‍കുറിപ്പെഴുതുകയാണ് മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം എന്നും അതിതീവ്ര കൊവിഡ് വ്യാപനം എന്നും വാര്‍ത്ത. വാര്‍ത്ത കേള്‍ക്കുന്നത് കേരളത്തിലിരുന്ന്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ബംഗാളിലിരുന്ന് കേരളത്തിലെ വാര്‍ത്തകളെ പിന്തുടര്‍ന്നത് ഓര്‍മ്മവന്നു.

അന്ന് കേരളത്തിലേക്ക് മടങ്ങാനാവുമോ എന്ന് അറിയില്ലായിരുന്നു. മരിച്ചു പോവുകയാണെങ്കില്‍ അക്കാര്യം ആരെങ്കിലും അറിയുമോ എന്ന് ഉറപ്പില്ലായിരുന്നു. അവിടുത്തെ ആശുപത്രിയില്‍ രോഗികള്‍ക്ക് മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നില്ല, ചികിത്സാസൗകര്യങ്ങള്‍ ഇല്ല എന്നതുള്‍പ്പെടെ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ലോക് ഡൗണില്‍ ജോലിയും യാത്രാസൗകര്യവും നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് ദാരിദ്ര്യം നീക്കാന്‍ അരിയോ ഭക്ഷണമോ കിട്ടുന്നുണ്ടായിരുന്നില്ല. ഏതാണ്ട് ഏഴെട്ടു മാസക്കാലം തികച്ചും തനിയെ അവിടെ കഴിച്ചു കൂട്ടിയപ്പോള്‍, നേരിട്ടറിയുന്ന പലരും മരിക്കുന്നത് അറിഞ്ഞപ്പോള്‍, വിറങ്ങലിച്ചു പോയി.

പക്ഷേ അന്നേ ആരോഗ്യവിദഗ്ധര്‍ പ്രവചിച്ചിരുന്നു ഒരു വര്‍ഷത്തിനുശേഷം രണ്ടാം തരംഗം വരുമെന്ന്. ഏതെങ്കിലും ഒരു സംസ്ഥാനത്തല്ല. ഇന്ത്യയില്‍ ഒന്നാകെ കോവിഡ് രണ്ടാമതും പടരുമെന്നും സ്ഥിതി രൂക്ഷമായിരിക്കുമെന്നും. തീര്‍ച്ചയായും മതിയായ സമയവും സൗകര്യവുമുണ്ടായിരുന്നു അതിനെ നേരിടാനുള്ള സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍. എന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അതിന് തയ്യാറായില്ല. രണ്ടാം തരംഗം വരില്ലെന്ന് വിശ്വസിച്ചതുപോലെയാണ് പല സര്‍ക്കാരുകളും ഉദാസീനരായത്.

പക്ഷേ കേരളത്തില്‍ മറിച്ചാണ് സംഭവിച്ചത്. നാം സജ്ജരായി. രണ്ടാം തരംഗം കേരളത്തിലും പടര്‍ന്നാല്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ കണ്ടറിഞ്ഞ് മുന്നേ നടത്തി. ഏതാനും മാസം മുമ്പ് ഞാന്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സ്ഥിതിഗതികള്‍ ഇവിടെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരുകയായിരുന്നു. കൃത്യമായ പരിശോധനയും ഫലം വിലയിരുത്തലും മേല്‍നോട്ടം വഹിക്കലും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള സാചര്യമൊരുക്കലും ഒന്നും ഒരിടത്തും ഉണ്ടായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പുറത്തുവിടുന്ന രോഗവ്യാപന തോതുകളും മരണ നിരക്കുകളും പരിശോധനാതോതുകളും എല്ലാം പച്ചക്കള്ളമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമായിരുന്നു. ഇവിടെ മറിച്ചായിരുന്നു സ്ഥിതി.

ആ രണ്ടാം തരംഗത്തില്‍ ഒരുപാട് മനുഷ്യര്‍, നേരിട്ടും പരിചയക്കാര്‍ മുഖേന അറിയുന്നവരും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മരിച്ചുപോയി. പലരും മരണത്തിന്റെ മകുടിയൂത്ത് കേട്ട് കിടക്കുന്നു. കഴിഞ്ഞ കൊല്ലം കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് കര്‍ണാടകത്തിനുള്ള അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്പോള്‍ പുച്ഛമോ പരിഹാസമോ രാഷ്ട്രീയനിലപാടുകളോ അല്ല മനസ്സിലുയരുന്നത്. സഹജീവിസ്നേഹത്തെയും സാഹോദര്യത്തേയും ഓര്‍ത്തുള്ള പുഞ്ചിരി മാത്രമാണ്. തമിഴ്നാടിനും ഗോവയ്ക്കും കര്‍ണാകത്തിനും ഇന്ന് ഓക്സിജന്‍ കൊടുക്കാന്‍ നമുക്ക് സാധിക്കുന്നതും കരുതല്‍ ഓക്സിജന്‍ സംഭരിക്കാന്‍ സാധിച്ചതും ഒന്നും കാലാകാലങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓക്സിജന്‍ ഉത്പാദനശാലകളില്‍ നിന്നല്ല. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സ്ഥാപിച്ചതുള്‍പ്പെടെയുള്ള പ്ലാന്റുകളില്‍ നിന്നാണ്.

പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (ജ ഋ ട ഛ) കണക്കുകളനുസരിച്ച് കേരളത്തിന്റെ ഓകസിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക് ടണ്‍ ആണ്. സംസ്ഥാനത്തുള്ള കോവിഡ് രോഗികള്‍ക്ക് ദിനംപ്രതി ആവശ്യമായത് 35 മെട്രിക് ടണും. കോവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് ആവശ്യം 45 മെട്രിക് ടണുമാണ്. കോവിഡ് പ്രതിരോധത്തിനായി 2249 കേന്ദ്രങ്ങളിലായി കേരളം സജ്ജമാക്കിയത് 1,99,256 കിടക്കകളാണ്. (കണക്കില്‍ പുരോഗതിയുണ്ടായിട്ടുണ്ടാവാം) ഇന്നലെ വാര്‍ത്തയില്‍ കാണിച്ചത് സ്വകാര്യമേഖലയിലെ ഓഡിറ്റോറിയങ്ങളെ അടിയന്തിര സാഹചര്യം നേരിടാന്‍ പര്യാപ്തമാക്കിയതാണ്.

നമുക്ക് ആശ്വസിക്കാം. സമാധാനിക്കാം. ആവശ്യമായ ചികിത്സ ലഭ്യമാകും എന്ന കാര്യത്തില്‍. മരണനിരക്ക് താരതമ്യേന കുറഞ്ഞിരിക്കുന്നതിലും.
എന്നാല്‍… മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഹൃദയം തകര്‍ക്കുന്ന പല വാര്‍ത്തകളും അറിയിക്കാതിരുന്നിട്ടും ജനം സത്യമറിയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ആശുപത്രികളില്‍ കടത്താത്തതിന്റെ കാരണം ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ പുറത്തു വരാതിരിക്കാനാണ്. അപ്പോളാണ് സൗജന്യമായി പൗരന്മാര്‍ക്ക് നല്‍കേണ്ട വാക്സിന്‍ വാങ്ങുന്നതിന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വില ചോദിച്ചത്. കേരളം സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് നേരത്തേ പറഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സര്‍ക്കാര്‍ പറഞ്ഞ വാക്കില്‍ നിന്നും കാര്യക്ഷമതയില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല. ഉദാസീനതയോടെ പെരുമാറിയുമില്ല.

തെരഞ്ഞെടുപ്പ് ഫലം മെയ് 2 ന് വരുമ്പോള്‍ ഈ സര്‍ക്കാരിനെതിരായ വിധിയെഴുത്തായി (പതിവുപോലെ അഞ്ച് കൊല്ലം മാറ്റിനിര്‍ത്തിയിട്ട് തിരിച്ചു കൊണ്ടുവരാം എന്ന മട്ടില്‍) അത് മാറുകയാണെങ്കില്‍ ഈ ജനതയോട് സഹതാപം മാത്രമേ തോന്നൂ. അപ്പോഴും ശക്തമായ പ്രതിപക്ഷമായി ഭരണപക്ഷത്തിനൊപ്പം ഇടതുപക്ഷം കാണുമെന്ന പ്രിവിലേജ് മുതലെടുക്കാനാണ് കേരളജനതയുടെ ഉദ്ദേശമെങ്കില്‍ അപ്പോഴും സഹതാപം മാത്രമേ തോന്നൂ.

ഭരിക്കുന്ന ഏതു സര്‍ക്കാരിനും കക്ഷിരാഷ്ട്രീയത്തിന്റെ പിന്തുണയും പിന്‍ബലവുമുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ മുഖവുമുണ്ട്. പക്ഷേ കക്ഷിരാഷ്ട്രീയത്തിനും മത വര്‍ഗ്ഗ ചിന്തകള്‍ക്കും അതീതമായി സര്‍ക്കാരും ജനപ്രതിനിധികളും പ്രവര്‍ത്തിക്കുമ്പോഴേ ജനാധിപത്യം ബലപ്പെടൂ. സമൂഹം പുഷ്ടിപ്പെടൂ. ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത തലമുറയെ സൃഷ്ടിക്കാന്‍ കഴിയൂ..

സാഹോദര്യത്തിലും മാനവികതയിലും മതേതരത്വത്തിലും അടിസ്ഥാനപ്പെടുത്തിയ ഇടതുപക്ഷ മനസ്സ് കേരള ജനത അല്പാല്‍പ്പമായി സ്വീകരിച്ചു വരുന്നു എന്നാണ് മനസ്സിലാകുന്നത്. ഏത് രാഷ്ട്രീയത്തില്‍ വിശ്വസിച്ചാലും ആ ഇടതുപക്ഷ മനസ്സ് ഉണ്ടാകുകയാണെങ്കില്‍ കേരളം പിന്നോട്ടു പോകുകയില്ല എന്നുറപ്പിക്കാം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഇടതുപക്ഷ മനസ്സ് സ്വീകരിക്കാനുള്ള ജനത്തിന്റെ ആവേശം പ്രകടമാണെന്നാണ് ആരും അടിച്ചേല്‍പ്പിക്കാത്ത വാക്സിന്‍ ചലഞ്ച് ജനം ഏറ്റെടുത്തതിലൂടെ നാം മനസ്സിലാക്കുന്നത്. ആ പ്രവണത നാള്‍ക്കുനാള്‍ ശക്തിപ്പെടും.

അത്തരം പലമട്ടിലുള്ള പ്രത്യാശകള്‍ പകര്‍ന്നു നല്‍കിയ സര്‍ക്കാരാണ് ഇതെന്ന സന്തോഷം അളവറ്റത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News