വാക്സിൻ ചലഞ്ചിനെ പിന്തുണച്ച് ടി പത്മനാഭൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൊവിഡ് വാക്സിനും ചികിത്സയും സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന് പിന്തുണയുമായി സാഹിത്യകാരൻ ടി പത്മനാഭനും രം​ഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയാണ് പത്മനാഭൻ പിന്തുണ അറിയിച്ചത്.

കൊവിഡ് മഹാവ്യാധിയിൽ കൂട്ടമരണങ്ങൾ സംഭവിക്കുമ്പോഴും കുത്തിവയ്പിന്റെ വില നിർണയാധികാരം കുത്തകകൾക്ക് അടിയറ വച്ച കേന്ദ്ര നയത്തെ പത്മനാഭൻ രൂക്ഷമായി വിമർശിച്ചു. ഇതുപോലൊരു മഹാമാരിക്കാലത്ത് ജനങ്ങളുടെ ജീവന് വിലയിടുന്ന കേന്ദ്ര നയം ക്രൂരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ പോലും വസൂരി പോലുള്ള മഹാമാരികൾക്ക് സൗജന്യവും നിർബന്ധിതവുമായ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്. രാജ്യം അത്യന്തം ആപൽക്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വാക്സിന്റെ വില നിർണയിക്കാനുള്ള അധികാരം കുത്തകകൾക്ക് വിട്ടു കൊടുക്കുന്നത് അനീതിയാണ്. ഇക്കാര്യത്തിൽ കേരള ഗവൺമെന്റ് കാണിക്കുന്ന മാതൃക ശ്ലാഘനീയമാണെന്നും പത്മനാഭൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന തീരുമാനത്തിൽനിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമാണ് നൽകിയിരിക്കുന്നത്.

ബാഹ്യ പ്രേരണയില്ലാതെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ഈ പ്രതീക്ഷയുടെ സൂചനയാണ്. ആടിനെ വിറ്റ് ഒരു വീട്ടമ്മ നൽകിയ സംഭാവന വലിയ പ്രചോദനമാണ്. നൽകുന്ന ധനസഹായം ആളുകളെ അറിയിക്കണമെന്ന് കരുതുന്നയാളല്ല ഞാൻ. എന്നാൽ ആർക്കെങ്കിലും ഇത് പ്രേരണയാകുന്നെങ്കിൽ ആവട്ടെ എന്നു കരുതിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയിൽ സംസ്ഥാനം പ്രയാസമനുഭവിച്ച രണ്ടു വർഷങ്ങളിലും ടി പത്മനാഭൻ സമാനമായ സഹായം നൽകി ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here