കൊവിഡ് ചികിത്സ തേടി കേരളത്തിലേക്ക് തിരിച്ച മലയാളി പാതി വഴിയില്‍ മരണപ്പെട്ടു

മഹാരാഷ്ട്രയിലെ നിലവിലെ അവസ്ഥയില്‍ വലിയ പരിഭ്രാന്തിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. ചുറ്റും ആശങ്കകളും ആകുലതകളും പടര്‍ന്നതോടെ രോഗം വന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് മലയാളികള്‍ അടക്കമുള്ള നഗരവാസികള്‍. ദിവസേന അറുപത്തിനായിരത്തിലധികം പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി തങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമ്പോഴും സംസ്ഥാനം ഓക്‌സിജനും റെംഡിസിവിര്‍ പോലുള്ള മരുന്നുകള്‍ക്കുമായി നെട്ടോട്ടമോടുകയാണ്.

നാസിക്കില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുകയായിരുന്നു കണ്ണൂര്‍ ഇടയ്കാട് ധര്‍മ്മടം സ്വദേശിയായ രാജീവന്‍ മാധവന്‍. മെര്‍ക്കുറി ആശുപത്രിയില്‍ 4-5 ദിവസമായി ചികിത്സയിലായിരുന്ന രാജീവന് ശ്വാസതടസ്സം നേരിട്ട സാഹചര്യത്തിലാണ് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം തേടേണ്ടി വന്നത് . എന്നാല്‍ സംസ്ഥാനത്ത് കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനാല്‍ വൈകുന്നേരത്തിന് ശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാന്‍ സാധിക്കുകയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് നാസിക്കില്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റാന്‍ നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയത് . അതേസമയം നാസിക്കില്‍ ഒട്ടുമിക്ക ആശുപത്രികളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കുന്നു എന്നത് ആശങ്കയും വര്‍ദ്ധിച്ചു .

ഭാരിച്ച ചികിത്സാ ചിലവും ആശുപത്രികളില്‍ ഓക്‌സിജന്റെയും അത്യാഹിത വിഭാഗങ്ങളുടെയും അഭാവമാണ് കുടുംബത്തെ കൂടുതല്‍ പരിഭ്രാന്തരാക്കിയത്. നാസിക്കിലും മുംബൈയിലും മിക്കവാറും ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ലാത്ത അവസ്ഥയുമാണ്.

ഇതോടെയാണ് രാജീവന്റെ കുടുംബം കേരളത്തില്‍ ചികിത്സ തേടാമെന്ന തീരുമാനമെടുക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. രാജീവനെ കൂടാതെ ഭാര്യക്കും മകനും കൂടി കോവിഡ് ബാധിച്ചത് ഇവരെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു.

നാസിക്കില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ രാജീവനെ എത്രയും പെട്ടെന്ന് സുരക്ഷിതമായ ചികിത്സാ മേഖലയിലേക്ക് മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ അങ്ങിനെയാണ് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയത്. അങ്ങിനെയാണ് നാട്ടില്‍ എത്തിക്കാനുള്ള തീരുമാനമെടുക്കുന്നതെന്ന് മലയാളം മിഷന്‍ പ്രവര്‍ത്തകനായ ഉണ്ണി ജോര്‍ജ്ജ് പറഞ്ഞു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് നാസിക്കില്‍ നിന്ന് ഇന്നലെ ഇന്നലെ രാവിലെ 7 മണിക്കാണ് ഓക്‌സിജന്‍ സിലിണ്ടറടക്കമുള്ള സൗകര്യങ്ങളോടെ ആംബുലസില്‍ രാജീവനും കുടുംബവും കേരളത്തിലേക്ക് തിരിച്ചത്. എന്നാല്‍ ജന്മനാട്ടില്‍ എത്തും മുന്‍പേ കര്‍ണ്ണാകയില്‍ എത്തിയപ്പോഴേക്കും രാജീവന്‍ മരണപ്പെടുകയായിരുന്നു. സീയറ്റ് ടയേഴ്സ് ജീവനക്കാരനാണ് അകാലത്തില്‍ വിട പറഞ്ഞ രാജിവന്‍.. 49 വയസ്സായിരുന്നു. രാജീവന്റെ ഭൗതിക ശരീരം തലശ്ശേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News