വാക്‌സിന്‍ ചലഞ്ചില്‍ സജീവ പങ്കാളികളാവും: ഐ എന്‍ എല്‍

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കുത്തകകളോടുള്ള പ്രീണനവും മൂലം സാര്‍വത്രിക സൗജന്യ വാക്‌സിനേഷന്‍ എന്ന ആശയം അട്ടിമറിക്കപ്പെട്ട സ്ഥിതിക്ക് ആ ബാധ്യത ഏറ്റെടുത്ത കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമങ്ങളോട് മുഴുവനാളുകളും സഹകരിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക കമ്മിറ്റികളും ഗള്‍ഫിലെ ഐ എം സി സി ഘടകങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ സജീവമായി പങ്കാളാവണം. വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിച്ച് പരമാവധി തുക ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുക്കുന്നതോടെ ഈ സന്ദിഗ്ധഘട്ടത്തില്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള വലിയ ദൗത്യത്തിലാവും പങ്കാളികളാവുന്നത്.

കോവിഡ് മഹാമാരി നേരിടുന്ന വിഷയത്തില്‍ എല്ലാ നിലക്കും പരാജയപ്പെട്ട നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം കൂടിയാവും മനുഷ്യത്വപരമായ ഈ നീക്കമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here