‘രാജ്യത്ത് ഇപ്പോള്‍ കൊവിഡ് സുനാമി’; കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും, ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി സര്‍ക്കാരിന് വിതരണം ചെയ്യുമെന്ന് പറഞ്ഞ 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എവിടെയെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് സുനാമിയാണെന്നും പരാമര്‍ശിച്ച ഹൈക്കോടതി ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും, ദില്ലി സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരില്‍ രോഗികളെ മരണത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദിവസങ്ങളായി തുടരുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും, ദില്ലി സര്‍ക്കാരിനെയും അതിനിശിതമായാണ് ഭാഷയിലാണ് ദില്ലി ഹൈക്കോടതി വിമര്‍ശിച്ചത്. ദില്ലിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദില്ലിക്ക് പ്രതിദിനം 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുകൊടുത്തിരുന്നു. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന് എതിരായ കോടതിയുടെ വിമര്‍ശനം. രാജ്യത്തെ കൊവിഡ് കേസുകള്‍ സുനാമിപോലെ ദുരന്തം വിതക്കുന്നതാണെന്നും രോഗികളെ മരണത്തിനു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഏകോപിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷാ ആവശ്യമുണ്ടെങ്കില്‍ ആശുപത്രികള്‍ക്ക് ദില്ലി പൊലീസ് സുരക്ഷാ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News