‘സഹോദരങ്ങളുടെ ജീവനേക്കാൾ വലുതല്ല തന്റെ സമ്പാദ്യം’..ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി

എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്നും ഇന്നത്തെ ദിവസം മാത്രം വൈകുന്നേരം നാല് മണിവരെ ഒരു കോടി 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുന്‍ കാലങ്ങളിലുണ്ടായ പോലെ ഹൃദയസ്പര്‍ശിയായ നിരവധി അനുഭവങ്ങളും ഉണ്ടാകുന്നുണ്ട്. അവയില്‍ ചിലത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ ഒരു ബാങ്കില്‍ നടന്ന സംഭവം ജനങ്ങള്‍ക്കുള്ള വൈകാരികത വ്യക്തമാക്കുന്നതാണ്. തന്‍റെ സേവിങ്ങ് അക്കൗണ്ടിലുള്ള 2,00,850 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന ആവശ്യവുമായി ഒരു ബീഡി തൊഴിലാളി കഴിഞ്ഞ ദിവസം ബാങ്കിലെത്തി.

സമ്പാദ്യം കൈമാറിയാല്‍ പിന്നീട് ഒരാവശ്യത്തിന് എന്തുചെയ്യുമെന്ന ജീവനക്കാരന്‍റെ ചോദ്യത്തിന് തനിക്ക് ഒരു തൊഴിലുണ്ടെന്നും കൂടാതെ ഭിന്നശേഷി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പറയുന്നു. സഹോദരങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ സമ്പാദ്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. കുടുക്ക സമ്പാദ്യം കൈമാറി കുട്ടികളടക്കം ചലഞ്ചിന്‍റെ ഭാഗമാവുകയാണ്. കേരള പൊലീസിന്‍റെ ഭാഗമായ രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ സംഭാവന നല്‍കുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു നല്‍കി ചലഞ്ചിന് തന്‍റെ ശക്തമായ പിന്തുണ അറിയിക്കുന്നു.

നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ് ഇത്തരത്തില്‍ നിരവധി പേരാണ് ചലഞ്ചിന്‍റെ ഭാഗമായത്.

യുവജന സംഘടനയായ എഐവൈഎഫ് അതിനായി പ്രത്യേക ക്യാമ്പയിന്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍നിന്ന് 50,000 രൂപ, കൊല്ലം എന്‍എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ, കേപ്പ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ, റിട്ട. ജസ്റ്റിസ് മോഹന്‍ 83,200 രൂപ, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈനും ഷിറാസ് ഇബ്രാഹിമും ചേര്‍ന്ന് 67,000 രൂപ- ഇങ്ങനെ നിരവധി പേരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്.

സിനിമ രംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഹായ പ്രവാഹമുണ്ടായിരുന്നു.മഹാമാരിക്കാലത്ത് ആരും ഒറ്റയ്ക്കല്ലെന്നും ഒന്നിച്ചുനിന്നാല്‍ അതിജീവനം പ്രയാസകരമല്ലെന്നുമുള്ള സന്ദേശമായി മാറുകയാണ് ഈ ക്യാമ്പയിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News