മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

“മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത്‌ എന്ന് നമുക്ക് നോക്കാം. മൈഗ്രെയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട്‌ എന്ന് വേണമെങ്കിൽ പറയാം. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരുതരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.”- വിവിധതരം തലവേദനകളുമായി ബന്ധപ്പെട്ട് ഡോക്ടർ അരുൺ ഉമ്മൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഡോക്ടർ അരുൺ ഉമ്മൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല.പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം..🧠🧠
മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം??
***
നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം ..
എന്നാൽ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത.
തലവേദന യുടെ സാധാരണ കാരണങ്ങൾ?
– പിരിമുറുക്കം തലവേദന ( 80%)
– മൈഗ്രെയ്ൻ ( ചെന്നിക്കുത്ത്) ( 15%)
– Sinusitis
– ക്ലസ്റ്റർ തലവേദന
അപകടകരമായ തലവേദനയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
1. പുതിയതായി ആരംഭിച്ച തലവേദന
മൈഗ്രെയ്ൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.
2. തുടർച്ചയായി സാവധാനം വർദ്ധിക്കുന്ന തലവേദന
മൈഗ്രെയ്ൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്
3. പെട്ടെന്നുള്ള കടുത്ത തലവേദന
4. Projectile ഛർദ്ദി, Fits, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, കേൾവിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന.
5. ലളിതമായ വേദനസംഹാരികളോട് പ്രതികരിക്കാത്ത തലവേദന…
മൈഗ്രെയ്ൻ എന്ന ശത്രുവിനെ എങ്ങനെ നേരിടാം?
മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത്‌ എന്ന് നമുക്ക് നോക്കാം.
മൈഗ്രെയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട്‌ എന്ന് വേണമെങ്കിൽ പറയാം. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. നെറ്റിത്തടത്തിൽ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടെയാണ് മൈഗ്രെയ്ൻ ആരംഭിക്കുന്നത്. എന്നാൽ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യുന്നു. വേദനയോടപ്പം തന്നെ മനപുരട്ടൽ തുടങ്ങി ഛർദ്ദി വരെ വന്നേക്കാം. നിരവധി ഡോക്ടറുമാരെ മാറി മാറി കണ്ടാലും വിവിധയിനം മരുന്നുകൾ മാറി മാറി എടുത്താലും തത്കാലത്തേക്ക് ഒരു ആശ്വാസം എന്നതിൽ ഉപരിയായി പൂർണമായ വിടുതൽ ലഭിക്കുവാനുള്ള സാധ്യത കുറവാണ്.
തലയുടെ ‍‌CT/MRI Scan എടുത്തു് നോക്കിയാൽ അസാധാരണമായി ഒന്നും കാണില്ല.
ഇത്ര അസഹനീയമായ വേദന കാരണം പലർക്കും ജോലിയിൽ നിന്നും ഇടയ്ക്കിടെ അവധി എടുക്കേണ്ടതായി പോലും വരുന്നു.
ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ, ജനസംഖ്യയുടെ 15% ആളുകളിൽ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി മൈഗ്രെയ്ൻ അനുഭവപ്പെട്ടതായി പഠനങ്ങൾ പറയുന്നു. .
സാധാരണയായി ഈ തലവേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. വിങ്ങലോടു കൂടിയ തലവേദന ഏകദേശം 2 മുതൽ 72 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം. ഇതിനോട് അനുബന്ധിച്ചു മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം / ശബ്ദം /ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണത എന്നിവയും ഉണ്ടാവുന്നു. ശാരീരിക ആയാസം കൊണ്ട് വേദന വർദ്ധിക്കുന്നതായാണ് അനുഭവപ്പെടുന്നത്. മൂന്നിൽ ഒരുവിഭാഗം ആളുകൾക്കും മൈഗ്രെയ്ൻ തുടങ്ങുന്നതിനു മുൻപായി aura അല്ലെങ്കിൽ ഒരു തരം പ്രഭാവലയം കാണുന്നതായി അനുഭവപ്പെടാറുണ്ട്. വളരെ ക്ഷണികമായ ഒരുതരം വിഷ്വൽ സെൻസറി പ്രതിഭാസ൦ അല്ലെങ്കിൽ മോട്ടോർ അസ്വാസ്ഥ്യമായാണ് മെഡിക്കൽ ലോകം ഓറയെ വിശേഷിപ്പിക്കുന്നത്.
തലവേദന ആരംഭിക്കുന്നതിനു മുൻപുള്ള ഒരു സിഗ്നൽ അല്ലെങ്കിൽ സൂചനയായും ഇതിനെ കാണാവുന്നതാണ്.
എന്താണ് മൈഗ്രെയ്ൻ എന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം.
മൈഗ്രെയ്ൻ എന്ന് പറയുന്നത് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ ഒരു മിശ്രണമായാണ് കരുതുന്നത്. മൂന്നിൽ രണ്ടു ഭാഗം അവസ്ഥകളും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അതായതു തലമുറതോറും കാണാവുന്നതാണ്. ഹോർമോണുകളിൽ വരുന്ന വ്യതിയാനവും ചിലസമയങ്ങളിൽ വില്ലൻ ആയേക്കാം. ഈകാരണത്താൽ കൗമാര(പായത്തിനു മുൻപ് പെണ്കുട്ടികളെക്കാളും അധികമായി ആൺകുട്ടികളിൽ ആണ് മൈഗ്രെയ്ൻ കണ്ടു വരുന്നത്. എന്നാൽ പ്രായമാവുമ്പോൾ 2-3 ഇരട്ടി വരെ സ്ത്രീകളിൽ മൈഗ്രെയ്ൻ ഉണ്ടാവുന്നു. എന്നാൽ ഗർഭകാലത്തോട് അനുബന്ധിച്ചു മൈഗ്രെയ്ൻ വരുന്നതിന്റെ സാധ്യത കാര്യമായിത്തന്നെ കുറയുന്നു. മൈഗ്രൈൻന്റെ കൃത്യമായ പ്രവർത്തനരീതി അത്ര തന്നെ അറിവുള്ളതല്ലെങ്കിലും ഇതിനെയൊരു Neurovascular Disorder ആയാണ് മെഡിക്കൽ ലോകം വീക്ഷിക്കുന്നത്.
Cerebral Cortex- ന്ടെ വർദ്ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ Pain ന്യൂറോണുകളുടെ അസാധാരണ നിയന്ത്രണവുമാണ് മേൽപ്പറഞ്ഞ Neurovascular Disorder-നു കാരണമായി ഭവിക്കുന്നത്.
ഇതിന്ടെ ചികിത്സ എങ്ങനെയാണെന്ന് നമുക്ക് നോക്കാം:
പ്രധാനമായും ചികിത്സയുടെ മൂന്നുവശങ്ങളാണ് ഉള്ളത്: മൈഗ്രെയ്ൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം (acute symptomatic control) മരുന്നുകൾ കൊണ്ടുള പ്രതിരോധം (pharmacological prevention) എന്നിവയാണ് മൂന്നു വശങ്ങൾ.
മൈഗ്രെയ്ൻ നിയന്ത്രണത്തിന്റെ വിജയം എന്ന് പറയുന്നത് എന്തുകാരണം കൊണ്ടാണോ മൈഗ്രെയ്ൻ ഉണ്ടാവുന്നത് ആ പ്രേരകശക്തിയെ ശരിയായിതന്നെ തിരിച്ചറിഞ്ഞു അതിനു വേണ്ടുന്ന അനുയോജ്യമായ മരുന്നുകൾ കർശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നതാണ്. കർശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നത് അടിവരയിട്ടു തന്നെ ചെയ്യേണ്ട വസ്തുതയാണ്. രോഗചികിത്സയോടുള്ള പ്രതികരണം വ്യക്തികളിൽ തികച്ചും വ്യത്യസ്തപ്പെട്ടിരിക്കും.
വേദനയുടെ ആരംഭത്തിൽ തന്നെ മരുന്ന് എടുക്കുമ്പോഴാണ് ഏറ്റവും ഫലസിദ്ധി പ്രാപ്തമാവുന്നത്. പ്രാരംഭനിയന്ത്രണത്തി൯െറ ഭാഗമായി തലവേദനക്ക് ലളിതമായ വേദനസംഹാരികൾ കഴിയ്ക്കാവുന്നതാണ്. എന്നാൽ ചിലവ്യക്തികളിൽ ഇവ അത്രതന്നെ ഫലം കാണിക്കാതെ വരുമ്പോൾ ചില പ്രത്യേക മരുന്നുകൾ എടുക്കാവുന്നവയാണ്.
അതോടൊപ്പം തന്നെ ഛർദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്. പക്ഷെ എല്ലാറ്റിനും ഉപരിയായി എന്ത് കാരണമാണോ മൈഗ്രെയ്ൻ ഉണ്ടാവുന്നത്, ആ കാരണത്തെ കണ്ടുപിടിച്ചു ഒഴിവാക്കുക എന്നതാണ് പരമപ്രധാനം.
സാധാരണയായി മൈഗ്രെയ്ൻ ട്രിഗർ ചെയ്യുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
# വിശപ്പ്
# ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ
# അതിക്ഷീണം
# ആർത്തവം
# Perimenopausal period (menopause-നോട് അടുപ്പിച്ചു വരുന്ന സമയം)
# Menarche ( ആദ്യത്തെ ആർത്തവം- ഒരു പെൺകുട്ടി വയസ്സറിയിക്കുന്ന സമയം)
# Menopause
# ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം
# ഗർഭധാരണം
# ചില ഭക്ഷണരീതികൾ
# വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്ടെയും ഗുണനിലവാരം
# സൂര്യപ്രകാശം.
# ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം , ചില ശബ്ദങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കാരണമായി ഭവിച്ചേക്കാം.
പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
മൈഗ്രെയ്ൻ പ്രതിരോധ മരുന്നുകളുടെ ലക്‌ഷ്യം എന്ന് പറയുന്നത് മൈഗ്രെയ്ൻെറ ആവർത്തനം, വേദന, ഇടവേളകൾ എന്നിവ കുറയ്ക്കുക എന്നതാണ്. അതിനോടൊപ്പം തന്നെ മൈഗ്രെയ്ൻ ചികിത്സാരീതികളെ കൂടുതൽ ഫലവത്താക്കുക എന്നതും കൂടെയാണ്.
മൈഗ്രെയ്ൻ പ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുള്ള തലവേദന തടയുക എന്നതും കൂടെയാണ്. ഇത് വളരെ സർവ്വസാധാരണമായ ഒരു അവസ്ഥയാണ്. മൈഗ്രെയ്ൻ അനുഭവിക്കുന്ന വ്യക്തി ചിലപ്പോഴൊക്കെ മരുന്നുകൾ അമിതമായി ഉപയോഗിച്ചെന്ന് വരാം. ഇത് മൂലം തലവേദനകൾ തീവ്രമാവുകയും അവയുടെ ആവർത്തനം കൂടിക്കൂടി വരികയും ചെയ്യുന്നു. ഇത് കൂടുതലായും സംഭവിക്കുന്നത് Triptans, Ergotamines, Analgesics (പ്രധാനമായും narcotic analgesics) എന്നിവയിൽ അമിതമായി ആശ്രയിക്കുമ്പോഴാണ്.
ഈകാരണങ്ങൾ കൊണ്ട് വളരെ ലളിതമായ വേദനസംഹാരികൾ ആണ് ശുപാർശചെയ്യപ്പെടുന്നത്. അതും ഒരാഴ്ചയിൽ മൂന്നുതവണയിൽ താഴെ മാത്രം എടുക്കുന്ന രീതിയിലും ആണ്. ആർത്തവത്തോടാനുബന്ധിച്ചു വരുന്ന മൈഗ്രെയ്ൻ തടയാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുണ്ട് .
Prophylactic Medication- കളുടെ ഉപയോഗം വളരെ ചെറിയ ഡോസിൽ തുടങ്ങി മെല്ലെയാണ് കൂട്ടുന്നത്. ഇവയുടെ ഉപയോഗദൈർഘ്യം എന്ന് പറയുന്നത് 3-6 മാസം വരെയാണ്.
മൈഗ്രെയ്ൻ പ്രതിരോധത്തിന് മരുന്നുകൾ സഹായിക്കും. അതോടൊപ്പം Accupuncture, Chiropractic Manipulation, Physiotherapy, Massage & Relaxation സഹായിക്കുന്നു.
മൈഗ്രെയ്ൻ പ്രതിരോധിക്കുന്ന മരുന്നുകളുടെ അമിതഉപയോഗം മൂലം സംഭവിക്കുന്ന ദൂഷ്യഫലങ്ങൾ അധികമായി സംഭവിക്കുമ്പോൾ Biofeedback, Neurostimulators എന്നീ മെഡിക്കൽ ഡിവൈസുകളുടെ സഹായം തേടാവുന്നതാണ്.
സുഹൃത്തുക്കളെ ഓർക്കുക-
തലവേദനയ്ക്കുള്ള കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സിക്കുന്നത് തികച്ചും അനിവാര്യമാണ്…
ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രെയ്ൻ എന്ന ശത്രുവിനെ അകറ്റി നിർത്താവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News