അതിഥിത്തൊഴിലാളികൾക്കും ആർടിപിസിആർ; പഞ്ചായത്തിന്‌ ചുമതല

അതിഥിത്തൊഴിലാളികൾക്ക്‌ ആർടിപിസിആർ പരിശോധന നടത്താൻ പഞ്ചായത്ത്‌, വാർഡ്തല കമ്മിറ്റികൾക്ക്‌ നിർദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൊവിഡ സ്ഥിരീകരിച്ചാൽ രോഗിയെ സമീപത്തെ സിഎഫ്എൽടിസിയിലേക്കോ കൊവിഡ്
ആശുപത്രിയിലേക്കോ മാറ്റണം. ബോധവൽക്കരണം നടത്തണം. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കർശന നിർദേശം നൽകി. പഞ്ചായത്ത് ഡയറക്ടർ പുറത്തിറക്കിയ മാർഗനിർദേശത്തിലാണ്‌ ഇത്‌.

വീഴ്ച വരുത്തുന്ന സെക്രട്ടറിമാർക്കെതിരെ കർശന നടപടിയെടുക്കും. രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും ആർടിപിസിആർ പരിശോധനയ്ക്ക്‌ വിധേയമാക്കണം. ഇതിന്‌ പഞ്ചായത്തുതല, വാർഡ്തല കമ്മിറ്റികൾ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും നിർദേശിച്ചു.

ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിച്ചാൽ ക്ലസ്റ്ററുകളായി തിരിച്ച് കർശന നിരീക്ഷണവും ബോധവൽക്കരണവും നടത്തണം. പഞ്ചായത്തുതല റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ശക്തിപ്പെടുത്തണം.

രോഗികൾ കൂടുതലായാൽ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ കണ്ടെയ്‌ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ സ്വീകരിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത സെക്രട്ടറിമാർ ഉറപ്പുവരുത്തണം. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ജിയോമാപ്പിങ്‌ നടത്തണം.

ക്വാറന്റൈൻ കേന്ദ്രങ്ങൾ, സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിഡിസികൾ എന്നിവിടങ്ങളിലെ മാലിന്യംനീക്കം ചെയ്യണം. മാളുകൾ, സിനിമ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ ഉറപ്പാക്കണം. ചടങ്ങുകളിൽ അനുവദിക്കപ്പെട്ട എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന്‌ പഞ്ചായത്ത് വാർഡ്തല കമ്മിറ്റികൾ നിരീക്ഷിച്ച് ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here