കൊവിഡ്‌ വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ്‌ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വെള്ളിയാഴ്ച്ചയും ഇന്നലെയും ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടി.

ജില്ലയില്‍ പൊതുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം രോഗവ്യാപനം രൂക്ഷമായ നാലു പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പോലീസിനെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍

🔹ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ചടങ്ങുകളില്‍ 75 പേരെയും പുറത്ത് നടക്കുന്നവയില്‍ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനിമുതല്‍ അനുമതിയുണ്ടാവില്ല.

🔹കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതു ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും തഹസില്‍ദാരുടെയോ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം.

🔹ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.

🔹സമ്മര്‍ ക്യാമ്പുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല.

നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും
========
കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളില്‍ പൂര്‍ണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാര്‍ഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ നാലില്‍ അധികം പേര്‍ കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്.

ഏപ്രില്‍ 24ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് 144 നിലനില്‍ക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്‍റെ തീരുമാനപ്രകാരമുള്ള പ്രത്യേക നിയന്ത്രണങ്ങളും ഈ മേഖലകളിലുണ്ടാകും.

നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളുമുള്ള തദ്ദേശ സ്ഥാപന വാര്‍ഡുകള്‍: അകലക്കുന്നം-11, ചങ്ങനാശേരി-10, ചെമ്പ്-14, എലിക്കുളം-10,11, എരുമേലി-15,16, കടുത്തുരുത്തി-6,12,14, കാണക്കാരി-9, കറുകച്ചാല്‍-7, കിടങ്ങൂര്‍-5, കോട്ടയം-9,19, കുമരകം-7, മണര്‍കാട്-16, മാഞ്ഞൂര്‍-13,14, മുണ്ടക്കയം-3,6,8, പള്ളിക്കത്തോട്-4, രാമപുരം-3, തിരുവാര്‍പ്പ്- 7,11,13, തൃക്കൊടിത്താനം-4, ഉദയനാപുരം-12,13, ഉഴവൂര്‍-6, വാകത്താനം-9, വാഴപ്പള്ളി-2, വിജയപുരം-3,17

പ്രത്യേക നിയന്ത്രണങ്ങള്‍ ഇങ്ങനെ
♦️റേഷന്‍ കടകള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി. പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കും.

♦️അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്സപ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ കടയുടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്‍റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

♦️ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതല്‍ വൈകുന്നേരം 7.30 വരെ വരെ പാഴ്സല്‍ സര്‍വീസോ ഹോം ഡെലിവറിയോ നടത്താം.

♦️രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള യാത്രകള്‍ക്ക് ഇളവുണ്ട്.

♦️മരണാനന്തര ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും ഈ മേഖലകളില്‍ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുന്‍പ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

♦️ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

♦️ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമാണ്.

♦️നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്‍റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗണ്‍സ്മെന്‍റ് നടത്തും.

♦️ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്‍റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here