കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യു കെ

കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം. സമീക്ഷ യു കെയുടെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പത്രക്കുറിപ്പിലൂടെയാണ് ഇത് അറിയിച്ചത്.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കൊവിഡിന്റെ രൂക്ഷമായ ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇന്ത്യ മഹാരാജ്യം. രോഗികള്‍ക്ക് ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുന്നു. മനുഷ്യ ജീവനുകള്‍ക്ക് വിലയില്ലാതാകുന്നു. മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു. പ്രിയപ്പെട്ടവരുടെ ജീവനു വേണ്ടി നിസ്സഹായരായ മനുഷ്യര്‍ ഗവണ്‍മെന്റുകളോട് യാചിക്കുകയും വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലാകെ.

അങ്ങേയറ്റം ദുഃഖകരവും അപമാനകരവുമായ ഈ സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചത് കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ തീരുമാനങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് സഹസ്രകോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള അവസരമായി ബി ജെ പി സര്‍ക്കാര്‍ ഈ മഹാമാരിയെ ഉപയോഗിക്കുന്നു. കോവിഡ് വാക്‌സിന്‍ ഒരു ഡോസിന് 400 രൂപ വില എന്ന രീതിയില്‍ നമ്മുടെ സഹോദരങ്ങളുടെ ചുമലിലേക്ക് അമിതഭാരം ചാര്‍ത്തിക്കൊടുത്തു.

എന്നാല്‍ കേരളീയര്‍ എന്ന നിലയില്‍ സംസ്ഥാന ഗവണ്‍മെന്റ് എടുത്ത അതിശക്തമായ തീരുമാനത്തില്‍ അഭിമാനം കൊള്ളാതിരിക്കാന്‍ കഴിയില്ല. വില കൊടുത്തു വാങ്ങേണ്ടി വന്നാലും മുഴുവനാളുകള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കേരള മുഖ്യമന്ത്രി അസന്നിഗ്ധമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യമൊന്നാകെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഒരു മലയാളി എന്ന നിലയില്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സഹായിക്കാന്‍ നമ്മളും ബാധ്യസ്ഥരാണ് .

നമുക്ക് കൈകള്‍ കോര്‍ത്ത് പിടിച്ച് ഈ മഹാമാരിയെ ചെറുക്കാം. മലയാളി ഒരു തോറ്റ ജനതയല്ല എന്ന് ഉറക്കെ പറയാം. കോടികള്‍ ചെലവ് വരുന്ന കേരളസര്‍ക്കാരിന്റെ ഈ വലിയ ഉദ്യമത്തില്‍ CMDRF ലേക്ക് പണം നല്‍കി നല്ലവരായ ഒരുപാടു പേര്‍ പങ്കാളികള്‍ ആയിക്കഴിഞ്ഞു . മുഖ്യ മന്ത്രിയോ സര്‍ക്കാരോ ഒരു അഭ്യര്‍ത്ഥന പോലും നടത്താതെ ജനം സ്വയം ഈ ഉത്തരവാദിത്വം ഏറ്റെടുത്തതു നമ്മുടെ നാടിനോടുള്ള സ്‌നേഹവും ഈ സര്‍ക്കാരില്‍ ഉള്ള വിശ്വസ്തതയും സൂചിപ്പിക്കുന്നു.

പ്രവാസികളായ നമ്മളാലാകും വിധം നമുക്കും നമ്മുടെ നാടിനെ സഹായിക്കാം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയോടെ സമീക്ഷ യുകെ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. നിങ്ങളുടെ സംഭാവന താഴെ കാണുന്ന അക്കൗണ്ടിലേക്ക് ഇങഉഞഎ എന്ന റെഫെറന്‍സോടു കൂടി അയച്ചു തരിക. ബ്രാഞ്ചുകള്‍ ഉള്ള സ്ഥലങ്ങളില്‍ സഖാക്കളും സുഹൃത്തുക്കളും പണം ബ്രാഞ്ച് ട്രെഷറര്‍മാരെ ഏല്‍പ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ അപ്പീല്‍ അടുത്ത മാസം ഇരുപത്തിയഞ്ചാം തീയതി കൊണ്ട് അവസാനിക്കും .

A/C Name: SAMEEKSHA UK, S/C: 309897, A/C Number: 78183568, Bank Name: LLOYDS

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here