പ്രാണവായു കിട്ടാതെ 31 മരണം കൂടി

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികത്സക്ക് ഓക്‌സിജന്‍ തികയാതെ വരുന്നത് രോഗികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. തലസ്ഥാനനഗരമായ ഡല്‍ഹിയിലെയും പഞ്ചാബിലെ അമൃത്സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികള്‍ കൂടി മരിച്ചു.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹി രോഹിണിയിലെ ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് 25 മരണം. അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെന്‍ട്രല്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‌നം ശനിയാഴ്ചയും കോടതി കയറിയിട്ടും ആശുപത്രികളില്‍ നിന്നുള്ള പരാതികളും സഹായംതേടിയുള്ള അഭ്യര്‍ഥനകളും നിലച്ചിട്ടില്ല.

ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മതിയായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. ഇതില്‍ 80 ശതമാനവും ഓക്‌സിജന്‍ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡി കെ ബലൂജ പറഞ്ഞു. 35 രോഗികള്‍ ഐ സി യു വിലും ഉണ്ട്.

”വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൂന്നര മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തേണ്ടതായിരുന്നു. അതു കിട്ടാന്‍ അര്‍ധരാത്രിയായി. അപ്പോഴേയ്ക്കും 25 രോഗികള്‍ മരിച്ചു.” – ഡോ. ഡി കെ ബലൂജ വിശദീകരിച്ചു. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്‌സിജന്‍ ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അമൃത്സറില്‍ നീല്‍കാന്ത് ആശുപത്രിയില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുനില്‍ ദേവഗണ്‍ പറഞ്ഞു. ഓക്‌സിജന്‍ നല്‍കണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് മുന്‍ഗണനയെന്നായിരുന്നു മറുപടി. സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടയാന്‍ യൂണിറ്റുകള്‍ക്ക് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗണ്‍ ആരോപിച്ചു.

ഓക്‌സിജന്‍ മതിയായ അളവില്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുമെന്നും സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ആശുപത്രി വൃത്തങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News