‘കൊവിഡ് പ്രതിരോധത്തിനായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടണം’, മോദിക്ക് കത്തെഴുതി യെച്ചൂരി

കൊവിഡ് വ്യാപനം തടയാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും ഓക്സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യെച്ചൂരിയുടെ കത്ത്. കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യെച്ചൂരി പറഞ്ഞു.

വളരെ വേദനയിലും സങ്കടത്തിലുമാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് എന്ന് പറഞ്ഞാണ് യെച്ചൂരിയുടെ കത്ത് തുടങ്ങുന്നത്. ‘അഭൂതപൂര്‍വമായ ആരോഗ്യ-മാനുഷിക പ്രതിസന്ധിയാണിത്, കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണ്,’ യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവമാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍, വാക്സിന്‍ വിതരണത്തിന് പ്രാമുഖ്യം നല്‍കാന്‍ അങ്ങയോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

ആഗോള വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്നും മരണങ്ങള്‍ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമെന്നത് അറിയാം. എന്നാല്‍ വാക്സിനേഷനായി ബജറ്റില്‍ മാറ്റിവച്ച 35000 കോടി അനുവദിക്കുക. ദല്‍ഹിയില്‍ പണിയുന്ന പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം അടക്കമുള്ള അധിക ബാധ്യത വരുന്ന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓക്സിജനും വാക്സിനും നല്‍കി മരണങ്ങള്‍ തടയാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം യെച്ചൂരിയുടെ മകനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here