മുംബൈയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മഹാനഗരത്തിന് കൈത്താങ്ങായി മലയാളികളും

മഹാരാഷ്ട്രയില്‍ അതീവ ഗുരുതരാവസ്ഥ തുടരുമ്പോഴും മുംബൈ നഗരത്തിന് ആശ്വാസം പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ ഏകദിന കണക്കുകള്‍. പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് നഗരം രേഖപ്പെടുത്തിയത്.

മുംബൈയില്‍ ശനിയാഴ്ച വൈകുന്നേരം 5,888 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന കണക്കാണിത് . വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 7,221 ല്‍ നിന്ന് വ്യാഴാഴ്ച 7,410, ബുധനാഴ്ച 7,684 എന്നിങ്ങനെ നഗരം തിരിച്ചുവരവിന്റെ പാതയിലാണെന്ന നിഗമനത്തിലാണ് നഗരസഭയും.

മാര്‍ച്ച് 31ന് ശേഷം 5,394 പുതിയ കേസുകള്‍ കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഏപ്രില്‍ 12ന് ശേഷം ആദ്യമായാണ് പുതിയ പ്രതിദിന കേസുകളുടെ എണ്ണം 7,000 ന് താഴെയാകുന്നത്.

എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഏതാണ്ട് സമാനമാണ് – ശനിയാഴ്ച 71, വെള്ളിയാഴ്ച 72, വ്യാഴാഴ്ച 75. നഗരത്തില്‍ ഓക്‌സിജന്‍ സംവിധാനങ്ങളുടെയും റെംഡിസിവിര്‍ പോലുള്ള മരുന്നുകളുടെയും കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്.

കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 18 ശതമാനത്തില്‍ നിന്ന് പ്രതിദിന കേസുകളുടെ നിരക്ക് 15 ശതമാനത്തില്‍ താഴെയായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 67,160 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു – 676 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ശരാശരി പോസിറ്റീവ് നിരക്ക് 16.61 ശതമാനവും മരണനിരക്ക് 1.5 ശതമാനവുമാണ്.

നഗരത്തിന് കൈത്താങ്ങായി മുംബൈയിലെ മലയാളി സമൂഹവും സന്നദ്ധ സേവന രംഗത്ത് സജീവമാണ്. നിരവധി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഓണ്‍ലൈന്‍ കൂട്ടായ്മകളുമാണ് 24 മണിക്കൂറും സേവന സന്നദ്ധരായി രംഗത്തുള്ളത്. ആശുപത്രി പ്രവേശനം, മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം തുടങ്ങി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ചികിത്സാ ചെലവ് വരെ ഉറപ്പാക്കിയാണ് ഇവരെല്ലാം മഹാനഗരത്തെ ചേര്‍ത്ത് പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News