
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ സി ബി ഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദേശ്മുഖിന്റെ നാഗ്പൂര്‍, മുംബൈ അടക്കമുള്ള വസതികളടക്കം നാലിടത്ത് പരിശോധന നടത്തി. ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നുമെത്തിയ ഉദ്യോഗസ്ഥരാണ് ശനിയാഴ്ച ദേശ്മുഖിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകളനുസരിച്ചാണ് ദേശ്മുഖിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് സി ബി ഐ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള സമയത്ത് സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.
മുംബൈയിലെ ബാറുകളില്‍നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് മന്ത്രിയായിരിക്കേ അനില്‍ ദേശ്മുഖ് പോലീസുകാരോട് നിര്‍ദേശിച്ചിരുന്നതായി മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ആരോപിച്ചിരുന്നു. കൂടാതെ സ്വന്തം താത്പര്യങ്ങള്‍ക്കായി നിരന്തരം പൊലീസിനെ ദുരുപയോഗം ചെയ്തിരുന്നതായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്തില്‍ പരംബീര്‍ സിങ് പരാമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പിന്നീട് സിങ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിനെതിരേ ദേശ്മുഖും മഹാരാഷ്ട്ര സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
കൂടാതെ വര്‍ഷങ്ങളോളം സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസേയെ നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വീസില്‍ തിരിച്ചെടുത്തത് ദേശ്മുഖിന്റെ അറിവോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here