ഐ പി എല്‍ കവറേജിനെക്കാള്‍ ഇപ്പോള്‍ മുഖ്യം പ്രാണവായു കിട്ടാത്ത മനുഷ്യര്‍; ശ്രദ്ധേയമായ നിലപാടുമായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇനി മുതല്‍ ഐപിഎല്‍ കവറേജ് നടത്തില്ലെന്ന് പ്രഖ്യാപിച്ച് പ്രമുഖ ദേശീയ മാധ്യമം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. മൃതദേഹങ്ങളാല്‍ നിറയുന്ന ശ്മശാനങ്ങളുടെ കാഴ്ച ഹൃദയഭേദകമാണെന്നും ഐ പി എല്ലിന്റെ കച്ചവട താത്പര്യങ്ങള്‍ അത്ര മേല്‍ ജനവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുകയാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍.

പ്രാണവായു പോലും കിട്ടാതെ രാജ്യത്ത് മനുഷ്യന്‍ മരിച്ചുവീഴുമ്പോള്‍ ക്രിക്കറ്റ് മാമാങ്കം നടത്തുന്നതിനെയും അതിന്റെ കച്ചവടതാത്പര്യങ്ങളെയും തുറന്നുകാട്ടിയാണ് നാളെ മുതല്‍ ഐ പി എല്‍ റിപ്പോര്‍ട്ടിംഗ് ഉണ്ടാകില്ലെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വായനക്കാരെ അറിയിക്കുന്നത്. ക്രിക്കറ്റിനെയല്ല, അത് നടത്തുന്ന സമയത്തിനെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഒരു വശത്ത് ബയോബബിളിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഐ പി എല്‍ ആഘോഷിക്കുന്നവര്‍. മറുവശത്ത് തെരുവോരങ്ങളില്‍ മരിച്ചുവീഴുന്ന സാധാരണക്കാര്‍. ഇതാണ് ഇന്നത്തെ ഇന്ത്യ. ശ്മശാനങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്ന ചിതകളുടെ വെളിച്ചത്തിലാണ് ഈ ഇന്ത്യ തിളങ്ങുന്നത്.

കൊവിഡ് കാലത്ത് ഐപിഎല്‍ ആഘോഷം നടത്തുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്വാധീനമാണ് ഇത്ര മോശം സാഹചര്യത്തിലും ഐ പി എല്‍ നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മനുഷ്യത്വത്തിനപ്പുറത്തേക്ക് മുതലാളിത്തം ഒരു രാജ്യത്തിന്റെ അടയാളമാകുന്നതിന്റെ സൂചന കൂടിയാണ് ജീവിക്കാന്‍ മനുഷ്യന്‍ ബുദ്ധിമുട്ടുന്ന കാലത്ത് ഐ പി എല്‍ നടത്തുന്ന മാനസികാവസ്ഥയില്‍ നമ്മള്‍ കാണുന്നത്. ഈ ഘട്ടത്തില്‍ കൂടിയാണ് നാളെ മുതല്‍ ഐ പി എല്‍ കവറേജില്ലെന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News