ഓക്‌സിജന്‍ വിതരണത്തിനായി യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് തെലങ്കാന

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകവെ ഓക്സിജന്‍ ടാങ്കറുകളുടെ സഞ്ചാരം ആകാശമാര്‍ഗമാക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ഓക്സിജന്‍ വിതരണം നടത്താനാണ് തെലങ്കാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

കൊവിഡ് ബാധിതരായ രോഗികള്‍ക്കിടയില്‍ ഓക്സിജന്‍ ആവശ്യം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

ദൂര പ്രദേശങ്ങളിലേക്ക് കണ്ടെയ്നറുകള്‍ വഴി ഓക്സിജന്‍ എത്തിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടം കണക്കിലെടുത്താണ് യുദ്ധവിമാനങ്ങള്‍ വഴി ഓക്സിജന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്തിന് തന്നെ ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

കഠിന സമയങ്ങളില്‍ ജനങ്ങളുടെ നല്ലതിനായി അടിയന്തര തീരുമാനങ്ങളെടുക്കേണ്ടത് ഭരണാധികാരികളുടെ ചുമതലയാണെന്നും എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സന്ദേശം വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 62,929 കൊവിഡ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News