
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് കേരളം നല്‍കിയത്. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം തമിഴ്നാടിന് 77 മെ. ടണ്ണും കര്‍ണാടകത്തിന് 16 മെ. ടണ്‍ ഓക്‌സിജനും നല്‍കി. ഇനിയും വിതരണം പൂര്‍ത്തിയാകാനുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് രോഗികള്‍ പ്രാണവായുകിട്ടാതെ മരിക്കുമ്പോളാണ് കേരളത്തിന്റെ ഈ മാതൃക. കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് ഒരു ദിവസം ഏകദേശം 70-80 മെ.ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരും.
വിവിധ കേന്ദ്രങ്ങളിലായി 150 മെ. ടണ്ണില്‍ അധികം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകില്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസൊ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറും സംസ്ഥാനത്തെ മെഡിക്കല്‍ ഓക്സിജന്‍ നോഡല്‍ ഓഫീസറുമായ ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു.
രോഗികള്‍ക്ക് ആനുപാതികമായും അതിലധികവും മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കഞ്ചിക്കോട് ഇനോക്സ് എയര്‍ പ്രൊഡക്ട്സ്, ചവറ കെഎംഎംഎല്‍, പരാക്സെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്-എറണാകുളം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മിക്കുന്നത്.
പെസൊയുടെ നിര്‍ദേശപ്രകാരം നിലവില്‍ ഓക്‌സിജന്‍ വിതരണം ആരോഗ്യമേഖലയിലേക്ക് മാത്രമാണ്. ഒരു ടണ്‍ മെഡിക്കല്‍ ഓക്‌സിജന്റെ വില കോവിഡ്കാലത്ത് കെഎംഎംഎല്‍ പതിനായിരമായി കുറച്ചിരുന്നു. ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ 50,000 രൂപയാണ് ഒരു ടണ്‍ ഓക്‌സിജന് വേണ്ടിവരിക.
അതേസമയം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രാണവായു ഉറപ്പാക്കാന്‍ ഡല്‍ഹി ആശുപത്രി ജീവനക്കാര്‍ നെട്ടോട്ടമോടുകയാണ്. സര്‍ക്കാരുകള്‍ വല്ലപ്പോഴും എത്തിക്കുന്ന ഓക്സിജന്‍ ടാങ്കറുകള്‍ക്ക് പുറമേ സ്വകാര്യപ്ലാന്റുകളില്‍നിന്നും ഓക്‌സിജന്‍ സംഭരിക്കാനുള്ള പെടാപ്പാടിലാണ് ജീവനക്കാര്‍.
സരോജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ നൂറ്റമ്പതോളം രോഗികളുണ്ട്. പ്രതിദിനം നാല് ടണ്‍ ഓക്സിജന്‍ വേണം. എന്നാല്‍, വ്യാഴാഴ്ച പകല്‍ 2.30യ്ക്ക് ലഭിച്ചത് മൂന്നര ടണ്‍ മാത്രം.
മോഡിനഗറിലെ ഐനോക്സ് പ്ലാന്റില്‍ നിന്നാണ് ഓക്സിജന്‍ വിതരണം. പലതവണ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാല്‍ ജീവവായു ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കകയാണ് ആശുപത്രി അധികൃതര്‍.
പ്രാണവായു കിട്ടാതെ ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ മരിച്ചു തുടങ്ങിയതോടെ മറ്റ് സംസ്ഥാനങ്ങളോട് സഹായഭ്യര്‍ഥനയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. മെഡിക്കല്‍ ഓക്സിജന്‍ അധികമായുണ്ടെങ്കില്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കെജ്രിവാള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു.
ഓക്‌സിജന്‍ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും വിതരണം തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയോട് കെജ്രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here