സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണം; യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് ബാധിച്ച് യുപി ജയിലില്‍ ക‍ഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.  കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് എം.പിമാർ  സുപ്രീം കോടതി ചീഫ്  ജസ്റ്റിസിനും  കത്ത് നല്‍കി.

പത്രപ്രവർത്തക യൂണിയൻ തിങ്കളാഴ്ച  കരിദിനം ആചരിക്കും.  ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ പൂട്ടിയ നിലയിലാണ് സിദ്ധിഖ് കാപ്പനുള്ളത്. യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.

എന്നാല്‍ കാപ്പന് വിദഗ്ദ ചികിത്സ നല്‍കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍.  കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് കാണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്ത് നല്‍കി.

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാപ്പന്‍  നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ആശങ്കകളെകുറിച്ചും കത്തില്‍ പറയുന്നു.

ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു,’ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിഷയത്തില്‍  കേരളത്തിലെ പതിനൊന്ന് എം.പിമാർ സുപ്രീം കോടതി ചീഫ്  ജസ്റ്റിസ്, ജസ്റ്റിസ് എൻ.വി. രമണയ്ക്ക് നേരത്തെ കത്തയച്ചിരുന്നു.  കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ദില്ലി എയിംസിലേയ്ക്ക് മാറ്റണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

കാപ്പന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്  കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. എല്ലാ പ്രസ് ക്ലബുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് തിങ്കളാഴ്ച  കരിദിനം ആചരിക്കാനാണ് തീരുമാനം.

ഇതിന്റെ തുടക്കമെന്ന നിലയിൽ കാപ്പനോട്  യു.പി സർക്കാർ കാണിക്കുന്ന അനിതിക്കെതിരെ എല്ലാ പ്രസ് ക്ലബുകളിലും തിങ്കളാഴ്ച  കരിദിനം ആചരിക്കും.

കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച്  കഴിയാവുന്ന അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് കെയുഡബ്ല്യൂജെ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും, പ്രസിഡൻ്റ് കെ.പി. റെജിയും അറിയിച്ചിരുന്നു.

മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും സമരത്തില്‍ അണി ചേരണമെന്ന് യൂണിയൻ അഭ്യർഥിച്ചു. വിഷയത്തില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന് പ്രസ്ക്ലബ് ഓഫ് ഇന്ത്യയും ആ‍വശ്യപ്പെട്ടു.

കാപ്പന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാംപയിന്‍ തുടരുകയാണ്. ഡോ കഫീല്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ ക്യാംപയിനില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News