സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് യോഗി സര്‍ക്കാരിനോട് എം എ ബേബി

യു എ പിഎ ചുമത്തി മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പാനെ യു പി പോലീസ് അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവില്ലാതെയാണെന്ന് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ യുപിയിലെ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാവണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മനുഷ്യത്വഹീനമായാണ് സിദ്ദിഖ് കാപ്പനോട് യു പി പോലീസ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉത്തർപ്രദേശിലെ ആശുപത്രിയിൽ തടവിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻറെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണം. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദിഖ് കാപ്പനോട് യു പി പോലീസ് പെരുമാറുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യുഎപിഎ പ്രകാരം സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ വിചാരണ ഇല്ലാതെ തടവിൽ ഇട്ടിരിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയിൽ വ്യക്തമായ തെളിവില്ലാതെ പോലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവർത്തകനെ ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയിൽ തകർന്നു വീഴുന്നു എന്നതിന് തെളിവാണ്.

സിദ്ദിഖ് കാപ്പൻറെ മനുഷ്യാവകാശത്തിനായി ശബ്ദം ഉയർത്താൻ എല്ലാ ജനാധിപത്യവാദികൾക്കും ഉത്തരവാദിത്വം ഉണ്ട്. ഈ യുവാവ് കുറ്റവാളി ആണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഈ മഹാമാരിക്കാലത്ത് ഇങ്ങനെ തടവിൽ ഇട്ടിരിക്കുന്നത് കോടതിയുടെ തീരുമാനം ചിലപ്പോൾ അപ്രസക്തമാക്കും. ആയതിനാൽ സിദ്ദിഖ് കാപ്പന് ജാമ്യം നല്കുന്നതിന് യുപി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel