കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗത്തിൽ കേസുകള്‍ വര്‍ധിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിച്ചതിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗ്യവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന വൈറസ്. തെരഞ്ഞെടുപ്പിന് ഇതിലുള്ള പങ്ക് വളരെ ചെറുതാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കേരളത്തില്‍ കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ആറുമാസം കൊണ്ട് ഉണ്ടായതിലും വലിയ രോഗവ്യാപനമാണ് മൂന്നാഴ്ച കൊണ്ട് ഉണ്ടാവുന്നത്. ഇതിന് കാരണം തെരഞ്ഞെടുപ്പാണെന്ന് പറയാനാവില്ല.തെരഞ്ഞെടുപ്പാണ് കാരണമെങ്കില്‍ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവും മറ്റും കണക്കാക്കുമ്പോള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങേണ്ട സമയമാണിത്. എന്നാല്‍ അത് സംഭവിക്കാത്തത് ജനിതകമാറ്റം വന്ന വൈറസാണ് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് ആദ്യ തരംഗത്തില്‍ ജനുവരി മുതല്‍ ഒക്ടബോര്‍ വരെയുള്ള നീണ്ട കാലയളവിനിടയിലാണ് കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തിയിരുന്നതെങ്കില്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെയുള്ള കണക്കു നോക്കിയാല്‍ മൂന്ന് ആഴ്ച കൊണ്ടാണ് മൂന്നു ലക്ഷം രോഗികള്‍ ഉണ്ടാവുന്നതെന്നും ഇത് രോഗവ്യാപനത്തിന്റെ തോത് ആണ് കാണിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞെടുപ്പ് കാരണമല്ല കൊവിഡ് ചെറിയ കാലയളവിനുള്ളില്‍ വ്യാപിച്ചത് . വളരെ വേഗം പടരാന്‍ കഴിയുന്ന വൈറസ് ആണ് ഇപ്പോഴത്തേതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പുതിയ പഠനങ്ങളനുസരിച്ച് രണ്ടു തവണ ജനിതക മാറ്റം വന്ന വൈറസാണ് ഇപ്പോഴുള്ളത്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലുള്‍പ്പെടെ മാറ്റങ്ങള്‍ വന്നട്ടുണ്ട്. അതുകൊണ്ട് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലാണ് ഇനി സ്വീകരിക്കേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News