യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.

മെയ് 15 വരെ കേന്ദ്രത്തിനു നല്‍കാനുള്ള വാക്സിന്‍ മാത്രമേ വിതരണം ചെയ്യൂവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചു. മെയ് ഒന്നുമുതല്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് വാക്സിസിന്‍ സംഭരിക്കാനാകില്ലെന്ന് ഇതോടെ വ്യക്തമായി.

കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് എന്നീ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ നയം സ്വീകരിക്കുന്നത്.

18നും 45നും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതായത് ചെറുപ്പക്കാര്‍ ഉയര്‍ന്ന വിലകൊടുത്ത് വാക്സിന്‍ സ്വീകരിക്കണമെന്നര്‍ഥം. മെയ് ഒന്നുമുതലുള്ള പുതിയ വാക്സിന്‍ നയത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലായിരുന്നു ഇക്കാര്യം.

മെയ് ഒന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സംഭരിക്കാനാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിന്‍ എപ്പോള്‍ സംഭരിക്കാനാകുമെന്ന കാര്യമാണ് അനിശ്ചിതത്വത്തിലായത്.

18 – 45 പ്രായക്കാര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാ?ക്സിന്‍ നല്‍കണമെങ്കില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകമായി തീരുമാനമെടുക്കണം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്വകാര്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും വാക്സിന്‍ സ്വീകരിക്കുന്നത് തുടരാം.

വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം കൊയ്യാനാകുംവിധം വാക്സിന്റെ സ്വകാര്യവില്‍പ്പന അനുവദിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിവാദ നിര്‍ദേശം.

സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍ക്കുന്നത് 600 രൂപയ്ക്കും ഭാരത് ബയോടെക് കോവാക്സിന്‍ വില്‍ക്കുന്നത് 1200 രൂപയ്ക്കുമാണ്.

സംസ്ഥാനങ്ങള്‍ക്ക് കോവിഷീല്‍ഡ് 400 രൂപയ്ക്കും കോവാക്സിന്‍ 600 രൂപയ്ക്കും നല്‍കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് കോവിഷീല്‍ഡിനേക്കാള്‍ ഉയര്‍ന്നവില.

യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിന്‍ എപ്പോള്‍ സംഭരിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. പല സംസ്ഥാനവും വാക്സിന്‍ ഓര്‍ഡര്‍ മുന്നോട്ടുവച്ചെങ്കിലും ഉത്പാദകരില്‍ നിന്നും അനുകൂല പ്രതികരണമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News