ഒരു വര്‍ഷം മുന്‍പെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി; മൗനം നടിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി : കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോന്നായി പുറത്തുവരുന്നു. രാജ്യത്ത് ഓക്‌സിജന്‍ അപര്യാപ്ത ഉണ്ടായേക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ പാര്‍ലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.പ്രൊഫസര്‍ രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റി രാജ്യത്തെ അസാധാരണമായ സാഹചര്യം നേരിടാന്‍ അത്യാവശ്യങ്ങളായ ഘടകങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

‘ദി ഔട്ട്‌ബ്രേക്ക് ഓഫ് പാന്‍ഡെമിക് കൊവിഡ് 19 ആന്റ് മാനേജ്‌മെന്റ്’ എന്ന തലക്കെട്ടില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ലമെന്ററി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. നവംബര്‍ മാസങ്ങളിലെ സാഹചര്യം തൃപ്തികരമാണെന്നും എന്നാല്‍ അടിയന്തരാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലെ കുറവ്, ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ, ആഭ്യന്തര ഉത്പാദന കാലതാമസം എന്നിവയിലൂടെ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് മന്ദഗതി കൈവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച് മൊത്തം ഉല്‍പാദനം ഏകദേശം 6,900 മെട്രിക് ടണ്‍ ആണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്റെ ഉപയോഗം സെപ്റ്റംബര്‍ പകുതിയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സെപ്തംബറില്‍ ഒരു ദിവസം 3000 മെട്രിക് ടണ്‍ എന്ന നിലയിലേക്ക് ഓക്‌സിജന്‍ ഉപയോഗം വര്‍ധിച്ചിരുന്നു.

കൊവിഡിന് മുന്‍പ് 1000 മെട്രിക് ടണ്‍ ഓക്‌സിജനായിരുന്നു ആശുപത്രികളില്‍ ഉപയോഗിച്ചിരുന്നതെന്നും ബാക്കി 6000 മെട്രിക് ടണ്ണോളം വാണിജ്യാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നതെന്നും ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉത്പാദനം ഉറപ്പാക്കണമെന്നും വില നിയന്ത്രണവിധേയമാക്കണമെന്നും കമ്മിറ്റി അന്ന് തന്നെ നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയോട് ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതുവഴി എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിതരണം ചെയ്യുന്നതിന് ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാനും ഇതിനായി വലിയ തോതില്‍ വാക്‌സിന്‍ ഉത്പാദകരുമായി സഹകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News