യുന്‍ യോ ജുങ്ങിനും ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം

തെക്കന്‍ കൊറിയയുടെ മെറില്‍ സ്ട്രീപ്പെന്നറിയപ്പെടുന്ന യുന്‍ യോ ജുങ്ങിനും 93ആമത് ഓസ്കാര്‍ അവാര്‍ഡ് വേദിക്കും ഇത് ചരിത്ര നിമിഷം. വാശിയേറിയ മത്സരത്തിനൊടുവില്‍ മികച്ച സഹനടിക്കായുള്ള പുരസ്കാരം പിടിച്ചെടുത്ത യോ ജുങ് കൊറിയയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ്.

ആദ്യ ഹോളിവുഡ് ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരി. 93ആമത് ഓസ്കാര്‍ പുരസ്കാരവേദിയില്‍ 73ആം വയസ്സില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു യുന്‍ യോ ജുങ്‍. ലീ ഐസക് ചുങ്ങ് സംവിധാനം ചെയ്ത മിനാരി എന്ന ചിത്രത്തിലെ വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട മുത്തശ്ശിയായി സ്വാഭാവികാഭിനയത്തെ പ്രസരിപ്പിച്ചതിനാണ് ഓസ്കാര്‍ പുരസ്കാരം യുന്‍ യോ ജുങ്ങിനെ തേടിയെത്തിയത്.

കൊറിയന്‍ സിനിമകളിലെ നിറസാന്നിധ്യമായ യുന്‍ യോ ജുങ് ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമായിരുന്നു മിനാരി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് ചേക്കേറി അവിടങ്ങളില്‍ ജീവിതം വിതയ്ക്കാന്‍ ശ്രമിക്കുന്ന കൊറിയന്‍ കുടുംബത്തിന്‍റെ കഥ പറയുന്ന സിനിമാവിഷ്കാരമാണ് മിനാരി.  നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ് എന്ന് ലോസ് എയ്ഞ്ചൽസ് ടൈംസ് എഴുതിവച്ച ചിത്രം.

1974 ല്‍ ദക്ഷിണകൊറിയന്‍ ഗായകനും എഴുത്തുകാരനുമായ ജോ യോങ് നാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു യുന്‍യോ ജുങ്. പത്ത് വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടിയ യോ ജുങ്, സിനിമയിലേക്ക് തിരിച്ചെത്തി.

വ്യത്യസ്തമായ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് സൗത്ത് കൊറിയയിലെ മെറില്‍ സ്ട്രീപ്പായി മാറി. ഫയര്‍ വുമണ്‍, ഇന്‍സെക്റ്റ് വുമണ്‍, ദ ബാച്ചസ് ലേഡി, എ ഗുഡ് ലോയേഴ്‌സ് വൈഫ്, ദ ഹൗസ്‌മെയ്ഡ് തുടങ്ങിയവയാണ് യോ ജുങ്ങിന്റെ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍.

73ആം വയസ്സില്‍ ആദ്യ ഹോളിവുഡ് അവസരം തേടി വന്നപ്പോള്‍ ഒരല്‍പം പോലും സംശയിക്കാതെ യോ ജുങ്ങ് അമേരിക്കയിലേക്ക് പറന്നു. മിനാരിയിലെ മുത്തശ്ശിയായി പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി.

മിനാരിയിലെ പ്രകടനത്തിന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മുന്‍പ്, ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ്, ഗില്‍ഡ് അവാര്‍ഡ് തുടങ്ങിയവയും യോ ജുങ്ങ് സ്വന്തമാക്കിയിരുന്നു. ഓസ്കാര്‍ വേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങവേ യുന്‍ യോ ജുങ് ബ്രാഡ് പിറ്റുമായി നടത്തിയ സംഭാഷണവും രസകരമായിരുന്നു.

അവിസ്മരണീയമായ പ്രഖ്യാപനങ്ങളിലൂടെ ഓസ്കാര്‍ പുരസ്കാരം പുതിയൊരു ചരിത്രഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജിക്കുകയാണ് യുന്‍ യോ ജുങ് ഉളഅകപ്പെടുന്ന ഇംഗ്ലീഷ് ഭാഷാ സിനിമകളിലെ കൊറിയന്‍ അനുഭൂതിമണ്ഡലവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News