കങ്കണയ്ക്ക് പിന്നാലെ വിചിത്ര വാദവുമായി മേജര്‍ രവി

രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. പലരും ഇത് വിശ്വസിക്കുന്നുണ്ടാകില്ലെന്നും എന്നാല്‍ താന്‍ ഇതിനെ ഇങ്ങനെയാണ് കാണുന്നതെന്നും, വിശ്വസിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ന് ജനങ്ങള്‍ ഓരോരുത്തരും ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒരിറ്റ് ശ്വാസത്തിനായി ബുദ്ധിമുട്ടുകയാണ്. ആ അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു. ഫ്രീയായിട്ട് ദൈവവും പ്രകൃതിയും നമുക്ക് തന്നിരുന്ന ഓക്‌സിജന്‍ പോലും കാശ് കൊടുത്തും ബ്ലാക്കിലും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ ജന്മം മാറിക്കൊണ്ടിരിക്കുകയാണ്.

ശ്വസിക്കുന്ന ശ്വാസം വാങ്ങിക്കേണ്ടി വരുന്ന ഒരു കാലം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. എന്നാല്‍ അങ്ങോട്ടെത്തി കാര്യങ്ങള്‍. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഫലങ്ങളായിട്ടാണ് എനിക്കിതിനെ തോന്നുന്നത്. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്. പലര്‍ക്കും അതില്‍ വിശ്വാസമുണ്ടാകില്ലായിരിക്കും. പക്ഷെ ഞാനതില്‍ വിശ്വസിക്കുന്നു.

അഞ്ഞൂറും ആയിരവും വര്‍ഷങ്ങളോളം ഒരു പ്രശ്‌നവുമില്ലാതിരുന്ന സിയാച്ചിനിലെ മഞ്ഞുമലകള്‍ എട്ട് വര്‍ഷം മുന്‍പ് പൊട്ടിത്തകര്‍ന്നു. പ്രളയുമുണ്ടായി. അത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിക്കണം,’ മേജര്‍ രവി പറഞ്ഞു.

ഓക്‌സിജന്‍ അപര്യാപ്തത തോന്നുണ്ടെങ്കില്‍, പരിഹാരമായി വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചുളള ട്വീറ്റുമായാണ് കഴിഞ്ഞ ദിവസം കങ്കണ റണൗട്ട് എത്തിയത്.

” ആര്‍ക്കെങ്കിലും ഓക്‌സിജന്‍ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പരീക്ഷിക്കുക. വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുകയാണ് ഇതിനുളള ശാശ്വത പരിഹാരം. അതിനു കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അവ മുറിക്കാതിരിക്കുക, നിങ്ങളുടെ വസ്ത്രങ്ങള്‍ പുനരുപയോഗം ചെയ്യുക, വേദിക് ഭക്ഷണം കഴിക്കുക, പ്രകൃതി സൗഹൃദമായ ജീവിതം നയിക്കുക. ഇത് ഒരു താല്‍ക്കാലിക പരിഹാരമാണെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീ റാം” – കങ്കണ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News