കോട്ടയത്ത് 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന. ഇതോടെ ജില്ലയില്‍ ആകെ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും 144ഉം അധിക നിയന്ത്രണങ്ങളുമായി.

നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒഴികെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവായിരിക്കും ബാധകമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചെമ്പ്-11, ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, കോട്ടയം- 1, 5, 6, 10, 16, 17, 31, 33, നീണ്ടൂര്‍-5,പായിപ്പാട്-12,പൂഞ്ഞാര്‍ തെക്കേക്കര-9, 11,കല്ലറ-6,പനച്ചിക്കാട് -3,തലയാഴം-9, മാടപ്പള്ളി-1, 12,ഞീഴൂര്‍-9,പുതുപ്പള്ളി-7,17, വെച്ചൂര്‍-3 എന്നിവയാണ് നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും പുതിയതായി ഏര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍.

ഈ വാര്‍ഡുകളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിന് നിരോധനമുണ്ട്.ഇതിനു പുറമെ ബാധകമായ പ്രത്യേക നിയന്ത്രണങ്ങള്‍ ചുവടെ

റേഷന്‍ കടകള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി. പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചോ വാട്സപ് മുഖേനയോ മുന്‍കൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുന്ന സാധനങ്ങള്‍ കടയുടമകള്‍ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതല്‍ വൈകുന്നേരം 7.30 വരെ വരെ പാഴ്സല്‍ സര്‍വീസോ ഹോം ഡെലിവറിയോ നടത്താം.

രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള യാത്രകള്‍ക്ക് ഇളവുണ്ട്.

മരണാനന്തര ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും ഈ മേഖലകളില്‍ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുന്‍പ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഈവന്റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളില്‍ ബാധകമാണ്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗണ്‍സ്മെന്റ് നടത്തും.

ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.

നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും നിലവിലുള്ള പ്രദേശങ്ങള്‍ ഒഴികെ ജില്ലയില്‍ പൊതുവില്‍ ബാധകമായ നിയന്ത്രണങ്ങള്‍

ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ടു മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ യോഗങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രമേ നടത്താവൂ.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സിനിമാ തീയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, ക്ലബുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, നീന്തല്‍ കുളങ്ങള്‍ , പാര്‍ക്കുകള്‍, ബാറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടണം.

മെയ് ഒന്നിനും രണ്ടിനും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും അവശ്യ സര്‍വീസുകളും മാത്രമേ അനുവദിക്കൂ.
വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കൂ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പുള്ള 72 മണിക്കൂര്‍ സമയപരിധിയില്‍ ലഭിച്ച കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായും ഹാജരാക്കണം.

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത കൂട്ടായ്മകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചു.

സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച അവധിയായിരിക്കും. ശനി ഞായര്‍ ദിവസങ്ങളില്‍ അവശ്യ, അടിയന്തര സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക.

വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. വിവാഹം നടത്തുന്നതിന് മുന്‍പ് കോവിഡ്- 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് മാനേജ്മെന്റ് ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ചടങ്ങിന്റെ പരമാവധി ദൈര്‍ഘ്യം രണ്ടു മണിക്കൂറായിരിക്കണം . മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 7.30ന് അടയ്ക്കണം. രാത്രി ഒന്‍പതുവരെ ടേക്ക് എവേ, ഹോം ഡെലിവറി സര്‍വീസുകള്‍ അനുവദിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ഇടപാടുകാരുമായും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായുമുള്ള സമ്പര്‍ക്കം കുറയ്ക്കണം. കടകളില്‍ കുറഞ്ഞ സമയം മാത്രമേ ഉപഭോക്താക്കള്‍ ചിലവഴിക്കാന്‍ പാടുള്ളൂ. ടേക്ക് എവേ, ഹോം ഡെലിവറി സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കണം.

ബിവ്റേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവരുടെ നിലവിലുള്ള സ്ഥലങ്ങളില്‍ തുടരണം.

കൃഷി, മൃഗസംരക്ഷണം , ക്ഷീരമേഖല, ഫിഷറീസ്, ഫോറസ്ട്രി എന്നിവ ഉള്‍പ്പെടെ പ്രാഥമിക മേഖലയിലെ പ്രവര്‍ത്തനങ്ങളും വ്യവസായം, ചെറുകിട വ്യവസായം, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

തൊഴിലുറപ്പ് പദ്ധതിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടരാം.

എല്ലാ വകുപ്പുകളും അവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സെക്രട്ടറിയോ വകുപ്പ് മേധാവിയോ ആണ് തീരുമാനമെടുക്കേണ്ടത്.

അതാവശ്യ സര്‍വീസുകളായ ആരോഗ്യം, റവന്യൂ , ദുരന്തനിവാരണം, പോലീസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, ഭക്ഷ്യ-പൊതുവിതരണം എന്നിവര്‍ക്ക് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here