മഹാരാഷ്ട്രയില്‍ 22 മൃതദേഹത്തിന് ഒരു ആംബുലന്‍സ്; സംഭവം വിവാദമാകുന്നു

ഔറംഗബാദ് ബീഡ് ജില്ലയിലാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞ 22 രോഗികളുടെ മൃതദേഹങ്ങള്‍ ഒറ്റ ആംബുലന്‍സില്‍ കുത്തി നിറച്ചതായി കണ്ടത്. സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടു പോകുവാനായിരുന്നു ഇത്. സംഭവം ഗുരുതരമായ പ്രകോപനമാണ് മേഖലയില്‍ സൃഷ്ടിച്ചത്.

ആംബുലന്‍സില്‍ നിറച്ച മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മരിച്ചവരുടെ ബന്ധുക്കളുടെ ഫോണുകള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് തട്ടിയെടുത്തുവെന്നും പരാതി ഉയര്‍ന്നു.

ആശുപത്രി രേഖകള്‍ അനുസരിച്ച് ആംബുലന്‍സ് ഒരു മൊബൈല്‍ ഐസിയുവാണ്. മരിച്ച 22 പേരില്‍ 14 പേര്‍ ശനിയാഴ്ചയും ബാക്കിയുള്ളവര്‍ ഞായറാഴ്ചയും മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ലോഖണ്ടി സവര്‍ഗാവ് ജംബോ കൊവിഡ് സെന്ററിലാണ് ഒന്‍പതു പേര്‍ മരണപ്പെട്ടത്. ബീഡ് ജില്ലാ കളക്ടര്‍ രവീന്ദ്ര ജഗ്താപ്പുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും ഇക്കാര്യം അന്വേഷിക്കാന്‍ അംബജോഗായ് അഡീഷണല്‍ കളക്ടറോട് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു.

മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ രണ്ട് ആംബുലന്‍സുകള്‍ മാത്രമേയുള്ളൂവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് മൃതദേഹങ്ങള്‍ നഗരസഭക്ക് കൈമാറുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും നഗരസഭ ജീവനക്കാര്‍ ചെയ്യുന്നത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News