
ഐ പി എല്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനായി ചാര്‍ട്ടേഡ് വിമാനം വേണമെന്നാവശ്യപ്പെട്ട് മുംബൈ ഇന്ത്യന്‍സിന്റെ ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ക്രിസ് ലിന്‍. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ് ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആസ്ട്രേലിയന്‍ കളിക്കാരുടെ ഓരോ ഐ പി എല്‍ കരാറിലും പത്ത് ശതമാനം വീതം ലാഭം ക്രിക്കറ്റ് ആസ്ട്രേലിയുണ്ടാക്കുന്നുണ്ടെന്നും ഈ തുക ഉപയോഗപ്പെടുത്തി വിമാനമൊരുക്കണമെന്നും ക്രിസ്ലിന്‍ ആവശ്യപ്പെട്ടു. ഐ പി എല്‍ സമാപിച്ചുകഴിഞ്ഞാല്‍ ക്രിക്കറ്റ് ആസ്ട്രേലിയ കളിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ക്രിസ് ലിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇപ്പോഴത്തെ ബയോബബ്ള്‍ സുരക്ഷയില്‍ കുഴപ്പമില്ലെന്നും ഉടനടി നാട്ടിലേക്ക് പോകാന്‍ പദ്ധതിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് താരങ്ങളായ കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും ഐ.പി.എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയതെന്നാണ് ടീം ബാംഗ്ലൂരു വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരത്തില്‍ മാത്രമാണ് ക്രിസ് ലിന്നിന് അവസരം ലഭിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here